വ്യാജ പാസ്പോർട്ട് കേസ്സിൽ പോലീസുദ്യോഗസ്ഥന് വാറന്റ്

പയ്യന്നൂര്‍: വ്യാജരേഖകൾ ചമച്ച് പാസ്പോർട്ട് കൈക്കലാക്കിയ പ്രതിയെ കോടതി ശിക്ഷിച്ചു. പാസ്പോര്‍ട്ട് സമ്പാദിക്കാന്‍ കൂട്ടുനിന്ന പോലീസുദ്യോഗസ്ഥനെതിരെ കോടതി അറസ്റ്റും വാറന്റും പുറപ്പെടുവിച്ചു. പഴയങ്ങാടി മാടായി വെങ്ങര പോസ്റ്റോഫീസിന് സമീപത്തെ താഹിറ മന്‍സിലില്‍ ഇ.മുഹമ്മദ് ഫാറൂഖിനെയാണ് 54,  പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് വി.ഷീജ ശിക്ഷിച്ചത്.

ഒരു വര്‍ഷം തടവും 17,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. യഥാര്‍ഥ പേരും വിലാസവും മറച്ചുവെച്ച് വ്യാജരേഖകളുടെ പിന്‍ബലത്തില്‍ തിരുവനന്തപുരം പാസ്പോര്‍ട്ട് ഓഫീസില്‍ നിന്നും കൊല്ലത്തെ ഷക്കീല മന്‍സില്‍ ഫാറൂഖ് എന്ന പേരില്‍ 4344690 നമ്പര്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് സമ്പാദിച്ച് അത് യഥാര്‍ത്ഥ രേഖയായി ഉപയോഗപ്പെടുത്തി  അധികാരികളേയും സർക്കാറിനെയും വഞ്ചിച്ച പഴയങ്ങാടി പോലീസ് 2011-ൽ റജിസ്റ്റര്‍ ചെയ്തിരുന്ന കേസിലാണ് വിധി.

ഇതിനായി റേഷന്‍കാര്‍ഡ്, ഡ്രൈവിംങ്ങ് ലൈസന്‍സ്,സ്‌കൂളിലെ അഡ്മിഷന്‍ റജിസ്റ്റര്‍ എന്നിവ വ്യാജമായി നിര്‍മ്മിച്ചതാണെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ഇയാളെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നത്. വഞ്ചനാകുറ്റത്തിനും വ്യാജരേഖയുണ്ടാക്കി തെറ്റിദ്ധരിപ്പിച്ചതിനും ഇന്ത്യന്‍ പാസ്പോര്‍ട്ട് ആക്ട് പ്രകാരം കുറ്റം ചെയ്തതിനുമാണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്.

ഇയാളുടെ പാസ്പോര്‍ട്ടിനായുള്ള അപേക്ഷയില്‍ അന്വേഷണം നടത്തിയ ചവറ പോലീസ് സ്റ്റേഷനിലെ സ്പെഷ്യല്‍ ബ്രാഞ്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന കരുനാഗപ്പള്ളിയിലെ രാധാകൃഷ്ണപിള്ള കേസിൽ രണ്ടാം പ്രതിയാണ്. 2009-ല്‍ നല്‍കിയ അപേക്ഷയിലെ വിവരങ്ങള്‍ വ്യാജമാണെന്നറിഞ്ഞിട്ടും, പ്രതിയുടെ പ്രവൃത്തി നിയമ വിരുദ്ധമാണെന്നറിഞ്ഞിട്ടും പ്രതിക്ക് സഹായകമായി കൂട്ടുനിന്നുവെന്നായിരുന്നു രണ്ടാം പ്രതിക്കെതിരെ ചുമത്തിയ കുറ്റം.

കോടതിയില്‍ ഹാജരാകാതിരുന്നതിനാല്‍ ഇയാള്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച കോടതി ഇയാളെ പ്രതിയാക്കി പുതിയ കേസെടുക്കാനും  ഉത്തരവിട്ടു. അന്ന് പഴയങ്ങാടി എസ്ഐ ആയിരുന്ന ജി.അനൂപ് റജിസ്റ്റര്‍ ചെയ്ത കേസ്സാണിത്.

LatestDaily

Read Previous

വഖഫ് ഉദ്യോഗസ്ഥൻ നീലേശ്വരം പള്ളിയിൽ പതിച്ച നോട്ടീസ് കീറിനശിപ്പിച്ചു

Read Next

തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് രാജി വെച്ചു, ബാവ പുതിയ പ്രസിഡണ്ട്