വഖഫ് ഉദ്യോഗസ്ഥൻ നീലേശ്വരം പള്ളിയിൽ പതിച്ച നോട്ടീസ് കീറിനശിപ്പിച്ചു

സ്റ്റാഫ് ലേഖകൻ

നീലേശ്വരം: കേരള വഖഫ് ബോർഡ് എക്സ്ക്യൂട്ടീവ് ഓഫീസർ ടി.കെ. റഫീഖ് മാർക്കറ്റിലെ വിവാദ മുസ്ലിം പള്ളി നോട്ടീസ് ബോർഡിൽ പതിച്ച അറിയിപ്പ് നോട്ടീസ് മൂന്നംഗ  ജമാ അത്ത് ഭാരവാഹികൾ കീറിക്കളഞ്ഞു.

എല്ലാ മാസവും 5-ാം തീയ്യതി വഖഫ് എക്സിക്യൂട്ടീവ് ഓഫീസർ തർബിയത്തുൽ പള്ളിയിലെത്തി കണക്കുകൾ പരിശോധിക്കുമെന്നും, പരിശോധനാ ദിവസം ജമാ അത്ത് കമ്മിറ്റി പ്രസിഡണ്ടും, ജനറൽ സിക്രട്ടറിയും, ഖജാൻജിയും കണക്കുകൾ എക്സിക്യൂട്ടീവ് ഓഫീസറുടെ മുന്നിൽ ഹാജരാക്കണമെന്നുമുള്ള അറിയിപ്പ് ഇന്നലെ ജനുവരി 5-ാം തീയ്യതിയാണ് എക്സിക്യൂട്ടീവ് ഓഫീസർ ടി.കെ. റഫീഖ് നേരിട്ടെത്തി മാർക്കറ്റിലെ തർബിയത്തുൽ ജുമാ അത്ത് പള്ളി നോട്ടീസ് ബോർഡിൽ പതിച്ചത്.

ഈ നോട്ടീസ് പതിച്ച് ഒരു മണിക്കൂറിനുള്ളിൽ പാടെ കീറി നശിപ്പിക്കുകയായിരുന്നു. പള്ളിക്കമ്മിറ്റി സിക്രട്ടറിയും, ജോയിന്റ് സിക്രട്ടറിയും വൈസ് പ്രസിഡണ്ടുമടങ്ങുന്ന മൂന്നംഗ ഭാരവാഹികളാണ് വഖഫ് ബോർഡ് ഉദ്യോഗസ്ഥൻ പതിച്ച നോട്ടീസ് കീറിക്കളഞ്ഞത്. പള്ളി പുനഃരുദ്ധാരണത്തിൽ 2.38 കോടി രൂപയുടെ അഴിമതി നടന്ന നീലേശ്വരം ജുമാ അത്ത്  പള്ളിക്കമ്മിറ്റി വഖഫ് ബോർഡുമായി ഏറ്റുമുട്ടാൻ തന്നെയാണ് തീരുമാനമെന്ന് അറിയിപ്പ് നോട്ടീസ് കീറിക്കളഞ്ഞ നടപടിയോടെ ഉറപ്പായി.

ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ്  ടി.കെ. റഫീഖിനെ നീലേശ്വരം പള്ളിയുടെ എക്സിക്യൂട്ടീവ് ഓഫീസറായി  നിയമിച്ചത്. എക്സിക്യുട്ടീവ് ഓഫീസർ ടി.കെ. റഫീഖ് പള്ളി യിലെത്തി പള്ളിക്കമ്മിറ്റിയുടെ കണക്കുകൾ ആവശ്യപ്പെടുന്നതും, പരിശോധിക്കുന്നതും  അഴിമതി ആരോപണ വിധേയരായ പള്ളിക്കമ്മിറ്റി ഭാരവാഹികൾക്ക് തീരെ ഇഷ്ടമല്ല.

LatestDaily

Read Previous

ജോഡോ യാത്ര അവസാനിക്കുന്നതിന് മുമ്പ് പിരിവിനെച്ചൊല്ലി വാക്കേറ്റം

Read Next

വ്യാജ പാസ്പോർട്ട് കേസ്സിൽ പോലീസുദ്യോഗസ്ഥന് വാറന്റ്