ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട് : രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര അവസാനിക്കുന്നതിന് മുമ്പേ യാത്രയ്ക്കായി പിരിച്ച പണത്തെച്ചൊല്ലി വിവാദം. കാസർകോട് ഡിസിസിക്കെതിരെയാണ് പണപ്പിരിവിനെച്ചൊല്ലി ആരോപണമുയർന്നിരിക്കുന്നത്. ഭാരത് ജോഡോ യാത്രയ്ക്കായി ജില്ലയിൽ നിന്നും പിരിച്ചെടുത്ത കണക്ക് അവതരിപ്പിക്കാത്തതിനെതിരെയാണ് ജില്ലയിലെ ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ ഡിസിസി പ്രസിഡണ്ട് പി.കെ. ഫൈസലിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.
രാഹുൽഗാന്ധി കേരളത്തിൽ നടത്തിയ ഭാരത് ജോഡോ യാത്ര അവസാനിച്ചിട്ട് മാസങ്ങളായെങ്കിലും കാസർകോട് ജില്ലയിൽ നിന്നും യാത്രയ്ക്ക് വേണ്ടി പിരിച്ച തുകയുടെ കണക്ക് ഇനിയും പുറത്തുവിട്ടില്ല. ഭാരത് ജോഡോ യാത്രയ്ക്കായി ബൂത്തുകളിൽ നിന്നും 10,000 രൂപ വീതമാണ് പിരിച്ചത്. ഇതിന് പുറമെ ഡിസിസി പ്രസിഡണ്ട് ഗൂഗിൾ പേ വഴിയും സംഭാവനകൾ സ്വീകരിച്ചതായി ആരോപണമുണ്ട്.
ജോഡോ യാത്രയുടെ കണക്ക് അവതരിപ്പിക്കാത്തതിനെച്ചൊല്ലി കഴിഞ്ഞ ദിവസം നടന്ന ഡിസിസി യോഗത്തിൽ വാക്കേറ്റം നടന്നു. ഡി.സി.സി. പ്രസിഡണ്ട് കുമ്പളയിൽ നിന്നും തൃക്കരിപ്പൂരിലേക്ക് നടത്തിയ ആസാദി കി ഗൗരവ് യാത്ര, കെ.പി.സി.സി.യുടെ 138 രൂപ ചലഞ്ച് എന്നിവയുടെ കണക്കും ഇതുവരെ അവതരിപ്പിച്ചിട്ടില്ല. ഡി.സി.സി. ഓഫീസിന് മുൻവശത്തെ ഭൂമി ദേശീയപാതാ വികസനത്തിന് വിട്ടുകൊടുത്തതിന് ലഭിച്ച നഷ്ടപരിഹാരത്തുകയുെട കണക്കുകളും ഡി.സി.സിയിൽ അവതരിപ്പിച്ചില്ല.
കണക്കവതരിപ്പിക്കാൻ ഡി.സി.സി. ഭാരവാഹികളുടെ യോഗം വിളിക്കുമെന്ന ഡി.സി.സി. പ്രസിഡണ്ടിന്റെ ഉറപ്പും പാലിക്കപ്പെട്ടിട്ടില്ല. ഭാരത് ജോഡോ യാത്രയ്ക്കായി പിരിച്ച പണത്തിന്റെ കണക്കവതരിപ്പിക്കാത്ത ഡി.സി.സി. നിലപാടിൽ ബൂത്ത് തലം മുതൽ ജില്ലാതലം വരെയുള്ള കോൺഗ്രസ് ഘടകങ്ങളിൽ പ്രതിഷേധം രൂക്ഷമായിട്ടുണ്ട്.