ജഡ്ജി നിയമനത്തിന് പരിഗണിക്കേണ്ട പേരുകള്‍ കേന്ദ്രം നിർദ്ദേശിക്കുന്നുവെന്ന വിമർശനവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തിനു പരിഗണിക്കേണ്ട പേരുകൾ കേന്ദ്രം നിർദ്ദേശിക്കുന്നുവെന്ന് സുപ്രീം കോടതി. പട്ടികയിലെ പേരുകൾ കൊളീജിയം ശുപാർശ ചെയ്തിട്ടില്ലെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ. കൊളീജിയം രണ്ടാം തവണയും അയച്ച ജഡ്ജിമാരുടെ നിയമന ശുപാർശ കേന്ദ്രം തിരിച്ചയച്ചത് ആശങ്കാജനകമാണ്. ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റം സംബന്ധിച്ച കൊളീജിയത്തിന്‍റെ ശുപാർശകളിൽ കേന്ദ്രസർക്കാർ തീരുമാനം വൈകുന്നത് ബാഹ്യ ഇടപെടലാണെന്ന പ്രതീതി ജനിപ്പിക്കുന്നതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയം മുന്നോട്ടുവച്ച 22 ശുപാർശകൾ നവംബറിൽ കേന്ദ്ര നിയമമന്ത്രാലയം തിരിച്ചയച്ചിരുന്നു. ഇതിൽ ഒമ്പതെണ്ണം രണ്ടാം തവണയും കൊളീജിയം മുന്നോട്ടുവയ്ക്കുന്ന ശുപാർശകളാണ്. ആവർത്തിച്ചു നൽകുന്ന ശുപാർശകൾ കേന്ദ്രം തിരിച്ചയക്കുന്നത് ചിന്തിക്കേണ്ട കാര്യമാണെന്ന് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ പറഞ്ഞു. കേന്ദ്രം നൽകിയ പട്ടികയിലെ ചില പേരുകൾ കൊളീജിയം പരിഗണിച്ചിരുന്നില്ല. ഈ പേരുകൾ കൊളീജിയം പരിഗണിക്കണമെന്ന് നിർദ്ദേശിച്ച ശേഷമാണ് ശുപാർശ തിരിച്ചയച്ചതെന്നും ജസ്റ്റിസ് കൗൾ പറഞ്ഞു.

കൊളീജിയം ഉടൻ യോഗം ചേർന്ന് ശുപാർശകളിൽ എന്ത് തുടർനടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷകരായ അരവിന്ദ് കുമാർ ബാബു, കെ.എ. സഞ്ജിത തുടങ്ങിയവരുടെ നിയമനത്തിനുള്ള കൊളീജിയത്തിന്‍റെ രണ്ടാമത്തെ ശുപാർശയും കേന്ദ്രസർക്കാർ തിരിച്ചയച്ചിരുന്നു. വിവിധ ഭരണ ഘട്ടങ്ങൾ കണക്കിലെടുത്താണ് ജഡ്ജിമാരുടെ സ്ഥലംമാറ്റം സംബന്ധിച്ച ശുപാർശകൾ കൊളീജിയം തയ്യാറാക്കുന്നത്. സ്ഥലംമാറ്റം സംബന്ധിച്ച കൊളീജിയത്തിന്‍റെ പത്തോളം ശുപാർശകൾ കേന്ദ്രസർക്കാരിൻ്റെ പരിഗണനയിലാണ്. എന്നാൽ തീരുമാനം വൈകുന്നത് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

K editor

Read Previous

ഗുലാം നബി ആസാദിനൊപ്പം പാർട്ടി വിട്ട 17 നേതാക്കള്‍ തിരികെ കോണ്‍ഗ്രസിലേക്ക്

Read Next

സ്വവർഗ വിവാഹം; ഹൈക്കോടതികളിൽ നിലനിൽക്കുന്ന ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റി