വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

ന്യൂഡല്‍ഹി: വിമാനത്തിലെ സഹയാത്രികയായ വയോധികയുടെ ദേഹത്ത് മൂത്രമൊഴിച്ച കേസിലെ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസിൽ പ്രതിചേർക്കപ്പെട്ട മുംബൈ ആസ്ഥാനമായുള്ള ബിസിനസുകാരൻ ശങ്കർ മിശ്രയ്ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ ഡൽഹി പൊലീസ് ഇമിഗ്രേഷൻ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇയാൾ രാജ്യം വിടുന്നത് തടയണമെന്നും ഡൽഹി പൊലീസ് ആവശ്യപ്പെട്ടിരുന്നു.

അമേരിക്കയിലെ കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു മൾട്ടിനാഷണൽ ഫിനാൻഷ്യൽ സർവീസസ് കമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്‍റാണ് മിശ്ര. ഇയാൾ മുംബൈ സ്വദേശിയാണെന്ന നിഗമനത്തിൽ നേരത്തെ പൊലീസ് എത്തിയിരുന്നു. എന്നാൽ ഇയാൾ ഉത്തർപ്രദേശിലെ ലഖ്നൗ സ്വദേശിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇപ്പോൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വിമാനത്തിലെ ജീവനക്കാരെ ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിരുന്നു. 4 ജീവനക്കാരെ ഇതിനകം ചോദ്യം ചെയ്തു. മറ്റുള്ളവരെയും ഉടൻ ചോദ്യം ചെയ്തേക്കും.

അതേസമയം അറസ്റ്റ് ഒഴിവാക്കാൻ ഇയാൾ ഒളിത്താവളങ്ങൾ നിരന്തരം മാറ്റുന്നുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം. മുംബൈയിലും ബെംഗളൂരുവിലും ഇയാൾക്കായി ഡൽഹി പൊലീസ് തിരച്ചിൽ നടത്തി. ഇവിടെ രണ്ടിടത്തും ഇയാൾക്ക് ഓഫീസുകളുണ്ടെന്നും ഇവിടങ്ങൾ സന്ദർശിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു.

K editor

Read Previous

ബെംഗളൂരു-മൈസൂരു 10 വരി പാത ഉടൻ; ഉദ്ഘാടനം ഫെബ്രുവരിയിൽ

Read Next

കോണ്‍ഗ്രസിലേക്ക് മടക്കം; കശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രി അടക്കം 17 നേതാക്കൾ തിരികെ