ചാലിങ്കാൽ അടിപ്പാത പരിഗണനയിൽ: ദേശീയപാത ഉദ്യോഗസ്ഥർ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: രാവണേശ്വരം സ്വദേശികൾക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള വഴി തടസ്സപ്പെടുത്തി നടക്കുന്ന ദേശീയപാത നിർമ്മാണത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ ചാലിങ്കാലിൽ അടിപ്പാത നിർമ്മിക്കാമെന്ന് ദേശീയപാതാ അധികൃതരുടെ ഉറപ്പ്.

ദേശീയപാത 66-ൽ മാവുങ്കാലിനും പെരിയയ്ക്കുമിടയിലുള്ള പ്രധാന ജംങ്ങ്ഷനാണ് ചാലിങ്കാൽ- രാവണീശ്വരം ജംങ്ങ്ഷൻ. ദേശീയപാതാ നിർമ്മാണത്തിന്റെ ഭാഗമായി റോഡ് ഉഴുതുമറിച്ചതോടെ രാവണീശ്വരം സ്വദേശികൾക്ക് ടൗണുമായി ബന്ധപ്പെടാനുള്ള വഴിയും അടഞ്ഞു.

കാൽനട യാത്രപോലും ദുർഘടമാകുന്ന വിധത്തിലാണ് ചാലിങ്കാൽ- രാവണീശ്വരം റോഡിൽ ദേശീയപാതാ നിർമ്മാണം നടക്കുന്നത്. കാസർകോട്- ചന്ദ്രഗിരി റൂട്ടിലെ ചാമുണ്ഡിക്കുന്നിൽ നിന്നും, രാവണീശ്വരത്തുനിന്നുമുള്ള ജനങ്ങൾക്ക് ബാഹ്യലോകവുമായി ബന്ധപ്പെടാനുള്ള വഴിയാണ് ദേശീയപാതാ നിർമ്മാണത്തിന്റെ ഭാഗമായി കുഴിച്ചിരിക്കുന്നത്.

ചാലിങ്കാൽ രാവണേശ്വരം റോഡിന്റെ ദുരവസ്ഥയ്ക്കെതിരെ വ്യാപകമായി പ്രതിഷേധങ്ങളുയർന്നിരുന്നു. തുടർച്ചയായ പ്രതിഷേധങ്ങളെ തുടർന്ന് ദേശീയപാതാ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ചാലിങ്കാൽ ജംങ്ങ്ഷനിൽ നിന്നും രാവണേശ്വരം ഭാഗത്തേയ്ക്ക് അടിപ്പാത നിർമ്മിക്കുന്ന കാര്യവും  പരിഗണനയിലുണ്ടെന്ന് ദേശീയപാതാ അധികൃതർ നാട്ടുകാരെ അറിയിച്ചിട്ടുണ്ട്.

LatestDaily

Read Previous

ടോമിയെ തെങ്ങ് ചതിച്ചു

Read Next

ബലാത്സംഗകേസിൽ കുറ്റവിമുക്തൻ; 10006 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മധ്യപ്രദേശ് യുവാവ്