യു. കെ. വിസ വാഗ്ദാനം ചെയ്ത് 13 ലക്ഷം തട്ടിയെടുത്തു മുങ്ങി

പയ്യന്നൂര്‍ : യു.കെ.യിലേക്ക് ജോലിക്കുള്ള വിസ വാഗ്ദാനം നൽകി നൂറോളം പേരിൽ നിന്നായി കോടികൾ തട്ടിയെടുത്ത ശേഷം സ്ഥാപനം പൂട്ടി മുങ്ങിയ നടത്തിപ്പുകാരനെതിരെ പയ്യന്നൂരിൽ പുതിയ വിസ തട്ടിപ്പ് കേസ്. തളിപ്പറമ്പ് ചിറവക്കിൽ പ്രവർത്തിക്കുന്ന സ്റ്റാർ ഹൈറ്റ്സ് കൺസൾട്ടൻസി ഉടമ പുളിമ്പറമ്പിലെ പി പി.കിഷോറിനെതിരെയാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്. 

രാമന്തളി കുന്നരു കാരന്താട്ടെ താത്രാടന്‍ വീട്ടില്‍ ശശിയുടെ പരാതിയിലാണ് കേസ്സ്. യു.കെയിലേക്ക് വിസ വാഗ്ദാനം നൽകി സ്ഥാപന ഉടമ പരാതിക്കാരനില്‍നിന്നും  13 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. 2021 ആഗസ്റ്റ് അവസാന ആഴ്ച മുതൽ കാനറ ബാങ്ക് അക്കൗണ്ടു വഴി കഴിഞ്ഞ വര്‍ഷം ജൂലായ് വരെയുള്ള കാലയളവിലാണ് പരാതിക്കാരന്‍ പണം നല്‍കിയത്. 

മാസങ്ങള്‍ കഴിഞ്ഞിട്ടും പരാതിക്കാരന് വിസയോ കൊടുത്ത പണമോതിരിച്ചു നൽകാതെ വഞ്ചിക്കുകയായിരുന്നു. വിസ തട്ടിപ്പിനിരയായ വയനാട് പുല്‍പ്പള്ളിയിലെ ടോമി-വിന്‍സി ദമ്പതികളുടെ മകന്‍ മുത്തേടത്ത് അനൂപ് ടോമി 24, കഴിഞ്ഞ ദിവസം ജീവനൊടുക്കിരുന്നു.

യുകെയിലേക്കുള്ള വിസ വാഗ്ദാനത്തില്‍ കുടുങ്ങി അഞ്ച് ലക്ഷം മുതല്‍ ആറരലക്ഷം രൂപ വരെയാണ് പലര്‍ക്കും നഷ്ടമായത്. കാലാവധി കഴിഞ്ഞിട്ടും വിസയോ കൊടുത്ത പണമോ ലഭിക്കാതായതോടെ ഉദ്യോഗാര്‍ത്ഥികള്‍ ഇയാളെ തേടിയെത്തിയപ്പോഴേക്കും തളിപ്പറമ്പിലെ ഓഫീസും എറണാകുളത്തെ  ഓഫീസും പൂട്ടിയിരുന്നു

Read Previous

സിപിഎം കുതിക്കുന്നു ; കോൺഗ്രസ് കിതയ്ക്കുന്നു

Read Next

ടോമിയെ തെങ്ങ് ചതിച്ചു