ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: ദേശീയ യുവജനോത്സവത്തിൽ നിന്ന് ഭരതനാട്യം, കുച്ചിപ്പുടി, കഥക്, വീണ, പുല്ലാങ്കുഴൽ, ഗിത്താർ എന്നിവയുൾപ്പെടെ 18 ഇനങ്ങൾ വെട്ടിക്കുറച്ച് രണ്ടിനങ്ങളാക്കി. കേന്ദ്രത്തിന്‍റെ നിലപാടിനെതിരെ കേരളം പ്രതിഷേധമറിയിച്ചു. ദേശീയ യുവജനോത്സവത്തിൽ നിന്ന് ഒഴിവാക്കിയ മത്സര ഇനങ്ങൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കേന്ദ്ര യുവജനകാര്യ വകുപ്പ് മന്ത്രി അനുരാഗ് സിംഗ് താക്കൂറിന് കത്ത് അയച്ചു.
കേരളത്തിൽ പഞ്ചായത്ത് തലം മുതൽ സംസ്ഥാന തലം വരെയുള്ള കേരളോത്സവങ്ങൾ യുവജനക്ഷേമ ബോർഡിന്‍റെ നേതൃത്വത്തിൽ വിജയകരമായി നടക്കുന്നു. ദേശീയ തലത്തിൽ ഇങ്ങനെ നടക്കുന്ന മത്സരങ്ങളില്‍ നിന്നുള്ള വിജയികളെ പങ്കെടുപ്പിക്കുകയാണ് പതിവ്. എന്നാൽ, സംസ്ഥാനതല മത്സരങ്ങളിലെ വിജയികൾ ദേശീയ തലത്തിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഇത്തവണ കേന്ദ്ര സർക്കാർ ദേശീയ യുവജനോത്സവത്തിൽ നിന്ന് മത്സര ഇനങ്ങൾ വെട്ടിക്കുറച്ചത്.
ഭരതനാട്യം, കുച്ചിപ്പുടി, കഥക്, മണിപ്പൂരി, ഒഡീസി, വായ്പ്പാട്ട് ഹിന്ദുസ്ഥാനി, കർണാടിക് സംഗീതം, വീണ, പുല്ലാങ്കുഴൽ, ഗിത്താർ, സിത്താർ, തബല, മൃദംഗം, ഹാർമോണിയം, നാടോടിപ്പാട്ട്, നാടോടി നൃത്തം, നാടകം, പ്രസംഗം തുടങ്ങി 18 ഇനങ്ങളിലായാണ് ദേശീയ യുവജനോത്സവം മുൻപ് സംഘടിപ്പിച്ചിരുന്നത്. എന്നിരുന്നാലും, ഇവ ഇപ്പോൾ വെറും രണ്ട് മത്സര ഇനങ്ങളായി ചുരുങ്ങി. ഫോക്ക് സോംഗ് ഗ്രൂപ്പ്, ഫോക്ക് ഡാൻസ് ഗ്രൂപ്പ് എന്നീ 2 മത്സര പരിപാടികൾ മാത്രമേ ഈ വർഷം ഉണ്ടാകൂ. കേരളത്തെ സംബന്ധിച്ചിടത്തോളം പതിനെട്ടോളം മത്സര ഇനങ്ങൾ വെട്ടിക്കുറയ്ക്കുന്നത് മത്സരാർത്ഥികളെ നിരാശരാക്കുമെന്ന് യുവജനകാര്യ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് കത്തിൽ ചൂണ്ടിക്കാട്ടി. നിലവിലുള്ള എല്ലാ ഇനങ്ങളും പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.