കിണറ്റിലെ ജഡം ദുരൂഹത നീങ്ങുന്നില്ല, തുടയിൽ മുറിവ്

മനുവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കിക്കൊണ്ടുപോയെന്നും ഇല്ലെന്നും

കാഞ്ഞങ്ങാട്:  ചിറ്റാരിക്കാൽ തയ്യേനി ആലടി കോളനിയിലെ  പി.കെ. മനുവിന്റെ മൃതദേഹം പൂർണ്ണ നഗ്നനാക്കപ്പെട്ട നിലയിൽ കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത  അകലുന്നില്ല.

പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ മനു കിണറ്റിൽ മുങ്ങിമരിച്ചതായി വ്യക്തമായിട്ടുണ്ട്. മനുവിന്റെ ആന്തരികാവയവങ്ങളിൽ നിന്നും ശേഖരിച്ച ജലം കിണറ്റിലേതാണെന്ന് കണ്ടെത്തി.

മുങ്ങിമരണമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്  സ്ഥിരീകരിക്കുമ്പോഴും  കൊലപാതകമാകാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല.  ആലടിയിലെ  വീട്ടിൽ നിന്നും  ഒരു കിലോമീറ്റർ അകലെയുള്ള  തയ്യേനി പോത്താനാംപാറയിലെ  ജോണിന്റെ കിണറ്റിൽ  പൂർണ്ണ നഗ്നനാക്കപ്പെട്ട നിലയിൽ മനുവിന്റെ മൃതദേഹമെത്തിയത് സംബന്ധിച്ച് രണ്ട് ദിവസത്തിനകം  വ്യക്തയുണ്ടാകുമെന്ന് കേസന്വേഷണ സംഘം വ്യക്തമാക്കി.

കാഞ്ഞങ്ങാട് ഡി വൈഎസ്പി, പി.കെ. വിനോദിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചാണ്  അന്വേഷണം പുരോഗമിക്കുന്നത്.  കിണറ്റിൻ കരയിൽ നിന്നും അൽപ്പം മാറി കണ്ടെത്തിയ ബർമുഡയും ലുങ്കിയും  മനുവിന്റേതാണെന്ന് പോലീസ് ഉറപ്പിച്ചു. വീട്ടിൽനിന്ന് ഇങ്ങുമ്പോൾ ഷർട്ട് ധരിച്ചിട്ടില്ലെന്നും  പോലീസിന് വിവരം  ലഭിച്ചു.

പുലർച്ചെ 2 മണിക്കും 3നുമിടയിൽ  മനുവിനെ വീട്ടിൽ നിന്നും ചിലർ വിളിച്ചിറക്കി കൊണ്ടു പോയതായി  പറയുന്നുണ്ട്.

മാതാപിതാക്കൾ ഇക്കാര്യം പുറത്ത് പറഞ്ഞുവെന്ന നിലയിൽ പ്രചാരണം  വ്യാപകമായതോടെ  അന്വേഷണസംഘം മനുവിന്റെ  പിതാവ് കുഞ്ഞിക്കണ്ണനെയും മാതാവ് കാർത്യായനിയെയും മാറി മാറി  ചോദ്യം ചെയ്തിട്ടും മകനെ ആരെങ്കിലും  വീട്ടിൽ നിന്നും  വിളിച്ചിറക്കിക്കൊണ്ടുപോയതായി ഇരുവരും പോലീസിനോട്  വെളിപ്പെടുത്തിയില്ല. വീട്ടിൽ നിന്നും  വിളിച്ചിറക്കി കൊണ്ടുപോയതാണെന്ന്  വ്യക്തമായാൽ അന്വേഷണത്തിൽ ഇക്കാര്യം നിർണ്ണായകമാകുമെന്ന കണക്കുകൂട്ടലിലാണ്  പോലീസ്.

യുവാവിന്റെ മൃതദേഹം  കാണപ്പെട്ട തയ്യേനി പോത്തനാംപാറ പ്രദേശത്തെ മൂന്ന് വീടുകളിൽ വളർത്തുപട്ടികളുണ്ട്. രാത്രി പട്ടികളെ കൂട്ടിൽ നിന്നും പുറത്തിറക്കാറില്ലെന്ന്  വീട്ടുകാർ പറയുന്നു.  ഇത് പോലീസ് പൂർണ്ണമായും  വിശ്വാസത്തിലെടുത്തിട്ടില്ല.  പുലർച്ചെ  4 മണിക്ക് പട്ടി അസാധാരണമായി കുരച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്ന് പുറത്തെ  ലൈറ്റിട്ടിരുന്നുവെന്ന്  വീട്ടുകാരിൽ ഒരാൾ പോലീസിനോട് വ്യക്തമാക്കി.

മൃതദേഹത്തിൽ അങ്ങിങ്ങ്  വരഞ്ഞ് മുറിവേറ്റ പാടുകൾ  കാണപ്പെട്ടത്  കൂടാതെ മുട്ടിന് മുകളിൽ  തുടയുടെ മദ്ധ്യഭാഗത്തായി  ഒന്നര സെന്റമീറ്റർ ആഴത്തിലുള്ള മുറിവ്  കാണപ്പെട്ടു.  തുടയിലെ മുറിവിനെക്കുറിച്ചുള്ള  അന്വേഷണം നടക്കുന്നുണ്ട്.  പട്ടി കടിച്ച മുറിവല്ലെന്നാണ്  പ്രാഥമിക വിവരം.  കത്തി, ബ്ലേഡ് പോലുള്ള ആയുധം കൊണ്ടുള്ള മുറിവാണോ മൃതദേഹത്തിൽ കാണപ്പെട്ടതെന്ന് പരിശോധിക്കുന്നു.

LatestDaily

Read Previous

രാജപുരം പോലീസിന് കളഞ്ഞു കിട്ടിയ ലക്ഷങ്ങൾക്ക് 8 മാസമായിട്ടും അവകാശികളില്

Read Next

പത്രവാർത്തയിൽ വിശദീകരണം തേടി സബ്ബ് കലക്ടർ