ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
തൃക്കരിപ്പൂർ : വടകര കടപ്പുറത്ത് കണ്ടെത്തിയ അജ്ഞാത മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ ചന്തേര പോലീസ് വടകര താലൂക്കാശുപത്രിയിലെത്തി പരിശോധിച്ചു. ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും അധ്യാപകനെ കാണാതായ സാഹചര്യത്തിൽ സംശയ നിവൃത്തി വരുത്താനാണ് പരിശോധന.
ഇന്നലെ വൈകുന്നേരമാണ് വടകര കടപ്പുറത്തെ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ നിന്നും മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചത്. ജീർണ്ണിച്ച മൃതശരീരാവശിഷ്ടത്തിൽ തലയോട്ടിയും കൈയുടെ അസ്ഥികളും മാത്രമെ ഉണ്ടായിരുന്നുള്ളു.
മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാൻ ശരീരാവശിഷ്ടങ്ങൾ ഡി.എൻ.ഏ പരിശോധനയ്ക്കയക്കും. ചന്തേര പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വടകര താലൂക്കാശുപത്രിയിലെത്തി മൃതദേഹാവശിഷ്ടങ്ങൾ പരിശോധിച്ചത്.
ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കാണാതായ അധ്യാപകന്റെ ബന്ധുക്കളും ചന്തേര പോലീസിനൊപ്പമുണ്ടായിരുന്നു. മൃതദേഹത്തിൽ ധരിച്ചിരുന്ന വസ്ത്രങ്ങൾ തിരിച്ചറിയാനാകാത്ത വിധം നിറംമാറിയിരുന്നതിനാൽ വടകരയിൽ കണ്ടെത്തിയ അജ്ഞാത ജഢം കാണാതായ അധ്യാപകന്റേതാണോയെന്ന് ബന്ധുക്കൾക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
മരിച്ചത് ആരാണെന്ന് കണ്ടെത്താൻ ഇനി. ഡി. എൻ.ഏ പരിശോധന മാത്രമാണ് ആശ്രയം.സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്ന് കാണാതായവരെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി നടക്കുന്ന സ്വാഭാവിക നടപടിയെന്ന നിലയിലാണ് ചന്തേര പോലീസ് വടകരയിലെ അജ്ഞാത മൃതദേഹം പരിശോധിച്ചത്. വടകര കടപ്പുറത്ത് കണ്ടെത്തിയ അജ്ഞാത മൃതദേഹം കാണാതായ അധ്യാപകൻ എം. ബാബുവിന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ഡിസംബർ 11-ന് ഉച്ചയോടെയാണ് പടന്ന കടപ്പുറം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ എം. ബാബുവിനെ 42, സ്കൂളിൽ നിന്നും കാണാതായത്.പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ ചന്തേര പോലീസ് ബാബുവിന്റെ പേരിൽ പോക്സോ കേസ് റജിസ്റ്റർ ചെയ്തതിനെത്തുടർന്നാണ് ഇദ്ദേഹത്തെ കാണാതായത്. അധ്യാപകനെ കാണാതായിട്ട് മൂന്നാഴ്ചയോളമായെങ്കിലും ഇദ്ദേഹം എവിടെയാണെന്നതിനെക്കുറിച്ച് പോലീസിന് സൂചനയൊന്നും ലഭിച്ചിട്ടില്ല.