കവർച്ചാ ശ്രമത്തിനിടെ വെടിയേറ്റ് നടി മരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

കൊല്‍ക്കത്ത: മോഷണ സംഘത്തിന്റെ ആക്രമണത്തിനിടെ മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ച ജാർഖണ്ഡ് സിനിമാ നടി റിയ കുമാരിയുടെ (ഇഷ അല്‍യ) ഭർത്താവ് പ്രകാശ് കുമാർ അറസ്റ്റിൽ. പ്രകാശ് കുമാറിനും സഹോദരങ്ങൾക്കുമെതിരെ റിയയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു.

പ്രകാശ് കുമാറിന്‍റെ മൊഴിയിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയ പൊലീസ് കാർ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പ്രകാശ്. റാഞ്ചിയിൽ നിന്ന് കൊൽക്കത്തയിലേക്ക് കാറിൽ നിർമ്മാതാവായ ഭർത്താവ് പ്രകാശ് കുമാറിനും അവരുടെ മൂന്ന് വയസുള്ള മകൾക്കും ഒപ്പം പോകവേ ഹൗറ ജില്ലയിലെ ദേശീയ പാതയിൽ രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം.

കാര്‍ നിര്‍ത്തി പ്രകാശ് പുറത്തിറങ്ങിയ തക്കം നോക്കി മൂന്നംഗ സംഘം മഹിശ്രേഖ പാലത്തിൽ ഓടിയെത്തി ആക്രമിക്കുകയും കൊള്ളയടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തന്നെ രക്ഷിക്കാൻ റിയ ഇടപെട്ടപ്പോൾ അക്രമികൾ വെടിയുതിർത്ത് രക്ഷപ്പെടുകയായിരുന്നുവെന്നാണ് പ്രകാശ് പോലീസിനോട് പറഞ്ഞു. റിയയെ കാറില്‍ കയറ്റി 3 കിലോമീറ്റര്‍ ഓടിച്ച പ്രകാശ്, ഉലുബീരിയയിലെ എസ്.സി.സി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല.

Read Previous

സുരക്ഷാ വീഴ്ചയെന്ന് കോൺഗ്രസ്: രാഹുൽ പല തവണ സുരക്ഷാ പ്രോട്ടോക്കോൾ ലംഘിച്ചെന്ന് സിആർപിഎഫ്

Read Next

ഇന്ത്യന്‍ നിര്‍മ്മിത ചുമമരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവം; മാരിയണ്‍ ബയോടെക്കിനെതിരെ അന്വേഷണം