വാർഡ് 13-ൽ മത്സരം കടുക്കും

കാഞ്ഞങ്ങാട്: നഗരസഭയിൽ എൻജി ഒ ക്വാട്ടേഴ്സ് 13-ാം വാർഡിൽ ഇത്തവണ മത്സരം കടുക്കും. 84 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപിയിലെ വിജയ മുകുന്ദിനെ കഴിഞ്ഞ തവണ വിജയിപ്പിച്ച  വാർഡ് ഇത്തവണ പുരുഷ വാർഡാണ്. മൂന്ന് മുന്നണികൾക്കും വിജയ സാധ്യത അവകാശപ്പെടാവുന്ന വോട്ട് ബലാബലം വാർഡിലുണ്ട്.

ബിജെപി 329 വോട്ട് പിടിച്ച വാർഡിൽ കോൺഗ്രസ്സിലെ ഉഷ 245 വോട്ട് നേടി തൊട്ട് പിന്നിലെത്തി. സിപിഎം സ്ഥാനാർത്ഥിക്ക് 210 വോട്ടാണ് കഴിഞ്ഞ തവണ 13-ാം വാർഡിൽ ലഭിച്ചത്. എന്ത് വില കൊടുത്തും ഇത്തവണ എൻജിഒ ക്വാർട്ടേഴ്സ് വാർഡ് പിടിക്കാനാണ് എൽഡിഎഫ് കരുനീക്കം. കഴിഞ്ഞ തവണ പൂർണ്ണമായും  യുഡിഎഫ് പെട്ടിയിൽ വീണെന്ന് എൽഡിഎഫ് സംശയിക്കുന്ന വാർഡിലെ 100 ഓളം മുസ്്ലീം വോട്ടുകൾ നേടാനായാൽ ഇത്തവണ വാർഡ് പിടിക്കാനാകുമെന്ന കണക്ക് കൂട്ടലിലാണ് പാർട്ടി.

വാർഡിൽ മുസ്്ലീം സ്ഥാനാർത്ഥിയെന്ന ആശയമുയർന്നതോടെ തോയമ്മൽ സ്വദേശിയായ പിഡബ്ല്യൂഡി കരാറുകാരൻ പരേതനായ ഹസ്സൻ ഹാജിയുടെ മകൻ എം. റഫീഖിന്റെ പേര് സിപിഎം സജീവ പരിഗണനയിലാണ്. ജീവ കാരുണ്യ മേഖലയിലുൾപ്പെടെ പ്രവർത്തിക്കുന്ന റഫീഖ് കരാറുകാരനാണ്. മുസ്്ലീം വോട്ടും കോൺഗ്രസിൽ നിന്നും ബിജെപിയിൽ നിന്നുമായി കുറച്ചെങ്കിലും വോട്ട് റഫീഖിന് അടർത്തിയെടുക്കാനായാൽ വാർഡ് 13 പിടിച്ചെടുക്കാമെന്ന കണക്ക് കൂട്ടലിലാണ് സിപിഎം.

കഴിഞ്ഞ തവണ 84 വോട്ടിന് നഷ്ടപ്പെട്ട വാർഡ് ഇത്തവണ പിടിക്കുമെന്ന് ഉറപ്പിച്ചാണ് കോൺഗ്രസ്സ് ഒരു ജനകീയ സ്ഥാനാർത്ഥിയെ തിരയുന്നത്. അരയി വാർഡിൽ ഇത്തവണ ബിജെപി ജില്ലാ സിക്രട്ടറിയും സ്വർണ്ണ വ്യാപാരിയുമായ എം. ബൽരാജ് മത്സരിക്കും. ഇതോടെ കഴിഞ്ഞ 3 തവണ ബിജെപി കൗൺസിലറായ വത്സലൻ അരയിക്ക് ഇത്തവണ മത്സരിക്കാൻ സീറ്റ് ലഭിക്കാതെയും വരും.

LatestDaily

Read Previous

ആത്മഹത്യയ്ക്കിടെ കയർ പൊട്ടി വീണ് യുവാവ് മരണപ്പെട്ടു

Read Next

ആ കള്ളൻ തന്നെ ഈ കള്ളൻ