സിപിഐയിൽ പൊട്ടിത്തെറി; മുകേഷ് ബാലകൃഷ്ണനും കൂട്ടാളികളും  സിപിഎമ്മിലേക്ക് മാറാനൊരുങ്ങുന്നു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : സിപിഐ നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് സിപിഐ യുവനേതാവായ മുകേഷ് ബാലകൃഷ്ണനും അനുയായികളും സിപിമ്മിലേക്ക് ചേക്കേറാനൊരുങ്ങുന്നതായി സൂചന. സിപിഐ പാർട്ടി കോൺഗ്രസ് തീരുമാന പ്രകാരം യുവാക്കൾക്ക് പാർട്ടിയിൽ പ്രാതിനിധ്യം  നൽകാത്ത ജില്ലാ നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് ചുവട് മാറ്റം.

സിപിഐ നേതൃത്വത്തോടുള്ള അമർഷത്തിന്റെ ഭാഗമായി മുകേഷ് ബാലകൃഷ്ണനെ കുറേക്കാലമായി സിപിഐ പരിപാടികളിൽ കാണാറില്ല. കഴിഞ്ഞ ദിവസം നടന്ന സിപിഐ ജില്ലാ കൗൺസിൽ യോഗത്തിലും മുകേഷ് പങ്കെടുത്തില്ലെന്നാണ് വിവരം. സിപിഐ ജില്ലാ കൗൺസിൽ യോഗത്തിൽ നിന്നും മുകേഷ് ബാലകൃഷ്ണൻ വിട്ടുമാറിനിന്നത് നേതൃത്വം ഗൗരവമായെടുത്തിട്ടുണ്ട്.

പാർട്ടിയിലെ മുതിർന്ന യുവനേതാവായിട്ടും ജില്ലാ കമ്മിറ്റിയിൽ അർഹമായ പ്രാതിനിധ്യം നൽകാത്തതിൽ പ്രതിഷേധിച്ച് മുകേഷ് ബാലകൃഷ്ണൻ സിപിഐ മണ്ഡലം കമ്മിറ്റിയുടെ ജനയുഗ പത്രപ്രചാരണ വിഭാഗം ചുമതലയിൽ നിന്നും നേരത്തെ ഒഴിവായിരുന്നു. ചെറുവത്തൂർ കാരിയിലെ സിപിഐ നേതാവ് ഗംഗാധരനും മുകേഷിനൊപ്പം പാർട്ടി മാറുമെന്ന് സൂചനയുണ്ട്.

ഇന്ന് ജില്ലയിലെത്തിയ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പാർട്ടി മാറ്റം പ്രഖ്യാപിക്കാൻ നീക്കം നടന്നിരുന്നുവെങ്കിലും മുഖ്യമന്ത്രിക്ക് ജില്ലയിൽ രാഷ്ട്രീയ പരിപാടികളൊന്നും ഇല്ലാത്തതിനാൽ പാർട്ടി മാറ്റ പ്രഖ്യാപനം നടന്നില്ല. സിപിഐയുടെ ചെറുവത്തൂർ വടക്കേ വളപ്പ്, മുണ്ടക്കണ്ടം, കാരി, മാണിയാട്ട്, ബ്രാഞ്ച് കമ്മിറ്റി സിക്രട്ടറിമാരും മുകേഷ് ബാലകൃഷ്ണനൊപ്പമുണ്ടെന്നാണ് രഹസ്യ സൂചന.

സർവ്വീസിൽ നിന്നും പിരിഞ്ഞ് മിൽമ ഡയറക്ടറായ മാണിയാട്ടെ റിട്ടയേർഡ് ഏഎസ്ഐയും മുകേഷിനൊപ്പമാണ്. സിപിഐ നേതാവായ റിട്ടയേർഡ് ഏഎസ്ഐയും കുറച്ച് നാളായി പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നില്ല. അതിനിടെ മുകേഷിനെയും കൂടെയുള്ളവരെയും അനുനയിപ്പിക്കാൻ കാരിയിലെ മുതിർന്ന സിപിഐ നേതാവിന്റെ നേതൃത്വത്തിൽ അനുരഞ്ജന ശ്രമം നടക്കുന്നുണ്ട്.

LatestDaily

Read Previous

കാസർകോട് കൂട്ടബലാത്സംഗം ക്രൈംബ്രാഞ്ചിന്, 2 പേർ കൂടി റിമാന്റിൽ

Read Next

പുൽക്കൂട് നശിപ്പിച്ചതിന് കേസ്സ്