നടപ്പാത കയ്യേറി വഴി വാണിഭം: ടൗണിൽ കാൽനട യാത്ര ദുസ്സഹം

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ടൗണിലെ ഫുട്പാത്തുകൾ വഴിയോരക്കച്ചവടക്കാർ കയ്യേറിയതിനെ തുടർന്ന് ടൗണിൽ കാൽനട യാത്ര ദുസ്സഹമായി. കോട്ടച്ചേരി ട്രാഫിക്ക് സർക്കിൾ തൊട്ട് കോട്ടച്ചേരി ടൗൺ വരെയുള്ള തിരക്കേറിയ സ്ഥലമാണ് വഴിയോരക്കച്ചവടക്കാർ കയ്യേറിയിരിക്കുന്നത്.

നടപ്പാതയോട് ചേർന്ന് നടക്കുന്ന വഴിയോര വാണിഭത്തിലെ കച്ചവട വസ്തുക്കൾ പലപ്പോഴും നടപ്പാതയിൽ കയറ്റിവെച്ചാണ് കച്ചവടം നടത്തുന്നത്. വാഹനപ്പെരുപ്പവും ഗതാഗത തിരക്കും മൂലം  വഴി നടക്കാൻ പറ്റാതായ സാഹചര്യത്തിൽ, ടൗണിലെ നടപ്പാതയാണ് കാൽനടയാത്രക്കാരുടെ ഏക ആശ്രയം.

വഴിവാണിഭത്തിരക്ക്  കാരണം നടപ്പാതയിലും നടക്കാനാവാത്ത ഗതികേടിലാണ് കാഞ്ഞങ്ങാട്ടെ കാൽനട യാത്രക്കാർ. ടൗണിലെ സർവ്വീസ് റോഡുകൾ മുഴുവനും പാർക്കിങ്ങ് ഏരിയകളായ സാഹചര്യത്തിൽ സർവ്വീസ് റോഡുകൾ വഴിയുള്ള കാൽനട യാത്ര അസാധ്യമാണ്.

നിയമം ലംഘിച്ച് സർവ്വീസ് റോഡ് വഴി വാഹനങ്ങളോടുന്നതും കാഞ്ഞങ്ങാട്ടെ കാൽനട  യാത്ര അസാധ്യമാക്കിയിരിക്കുകയാണ്. രാവിലെയും വൈകുന്നേരങ്ങളിലും കാഞ്ഞങ്ങാട്ടെ ഫുട്പാത്തുകളിൽ പൂരത്തിരക്കാണ്. നടപ്പാത വഴി യാത്ര ചെയ്യുന്ന കാൽനട യാത്രക്കാർക്ക് വഴി വാണിഭത്തിരക്കിനിടയിൽക്കൂടി നടന്നുപോകാൻ കളരിയഭ്യാസിയുടെ മെയ്്വഴക്കം വേണം.

LatestDaily

Read Previous

എം.ഡി.എം.എ കേസിൽ മാത്രം 13 പ്രതികൾ ജയിലിൽ

Read Next

കോവിഡ് മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രസർക്കാർ; ആള്‍ക്കൂട്ടം വേണ്ട, മാസ്ക് ധരിക്കണം