കൊല്ലമ്പാറ അപകടം: ലോറി ഡ്രൈവർക്കെതിരെ കേസ്

നീലേശ്വരം: കരിന്തളം കൊല്ലമ്പാറ മഞ്ഞളംകാട്ട് 3 യുവാക്കളുടെ മരണത്തിനിടയായ വാഹനാപകടത്തിൽ അപകടമുണ്ടാക്കിയ ടിപ്പർ ലോറി ഡ്രൈവർക്കെതിരെ നീലേശ്വരം പോലീസ് മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. ഇന്നലെ രാത്രി 8 മണിക്കാണ് ചോയ്യങ്കോട് ഭാഗത്ത് നിന്നും കൊല്ലമ്പാറ ഭാഗത്തേക്ക് പോയ കെ.എൽ.60.എച്ച് 2892 നമ്പർ കാറിൽ പോയ കെ.എൽ. 52 എസ് . 4102 നമ്പർ ലോറിയിടിച്ച് 3 യുവാക്കൾ തൽക്ഷണം മരിച്ചത്.ഒരാൾ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

ചായ്യോം ഗവൺമെന്റ് ഹയർസെക്കന്റെറി സ്കൂളിൽ നടന്ന ജില്ലാ സ്കൂൾ കലോത്സവം കഴിഞ്ഞ് തിരിച്ചുപോകുന്നതിനിടയിലാണ് എതിരെ വന്ന ലോറി യുവാക്കളുടെ കാലനായത്. കൊന്നക്കാട് ചരുമ്പക്കോട്ടെ ഗംഗാധരന്റെ മകൻ അനുഷ് 28, കുമ്പളപ്പള്ളി മീർക്കാനം തട്ടിലെ കുഞ്ഞിക്കണ്ണന്റെ മകൻ കിഷോർ 22, കരിന്തളം ചിമ്മത്തോട്ടെ ബിനുവിന്റെ മകൻ ശ്രീരാഗ് 18 എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇവരോടൊപ്പം കാറിനകത്തുണ്ടായിരുന്ന കുമ്പളപ്പള്ളി  മീർക്കാന തട്ടിലെ അജിത്ത് കുമാറിന്റെ മകൻ  ബിനു 24 ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

അപകടത്തിൽ മരിച്ച അനുഷാ കാറോടിച്ചിരുന്നത്. മരിച്ച യുവാക്കൾ ഉറ്റ സുഹൃത്തുക്കളായിരുന്നു. മരണത്തിലും അവർ ഒന്നിച്ചു. അപകടത്തെ തുടർന്ന് പൂർണ്ണമായും തകർന്ന കാറിനുള്ളിലാണ് യുവാക്കളുടെ മൃതദേഹം കണ്ടെത്തിയത്. ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലഹരിയിലായിരുന്ന കരിന്തളം പഞ്ചായത്തിനെ ഞെട്ടലിലാഴ്ത്തിയാണ് ഇന്നലെ രാത്രി യുവാക്കളുടെ അപകട മരണ വാർത്ത കാട്ടുതീ പോലെ പടർന്നത്. മൃതദേഹങ്ങൾ നീലേശ്വരം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. 

Read Previous

കൊച്ചു പ്രേമന്റെ നിര്യാണം; അനുശോചിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കമുള്ളവർ

Read Next

കുണ്ടങ്കുഴി നിക്ഷേപത്തട്ടിപ്പ് ക്രൈംബ്രാഞ്ചിന് കൈമാറുന്നു