യുപിഐ ഇടപാടുകളുടെ എണ്ണം കുറയ്ക്കല്‍; സമയം നീട്ടി

ന്യൂഡല്‍ഹി: യുപിഐ ആപ്ലിക്കേഷനുകളിലെ ഇടപാടുകൾ നിയന്ത്രിക്കുന്നതിനുള്ള സമയപരിധി നാഷണൽ പേയ്മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) നീട്ടി. മൊത്തം യുപിഐ ഇടപാടുകളിൽ ഏതെങ്കിലും ആപ്ലിക്കേഷന്‍റെ വിപണി വിഹിതം 30 ശതമാനത്തിൽ കവിയരുതെന്ന് എൻപിസിഐ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ പരിധിയിലേക്ക് ഇടപാടുകൾ കുറയ്ക്കാൻ കമ്പനികൾക്ക് 2024 ഡിസംബർ 31 വരെ സമയം ലഭിക്കും.

യുപിഐ ഇടപാടുകളിൽ ഫോൺപേ, ഗൂഗിൾ പേ, പേടിഎം എന്നിവയുടെ ആധിപത്യം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2020 ൽ എൻപിസിഐ ഇത്തരമൊരു നീക്കം നടത്തിയത്. ഈ രണ്ട് ആപ്ലിക്കേഷനുകൾക്ക് മാത്രമാണ് 30 ശതമാനത്തിലധികം വിപണി വിഹിതമുള്ളത്. ഫോൺപേയും ഗൂഗിൾ പേയും ചേർന്നാണ് രാജ്യത്തെ 81 ശതമാനം യുപിഐ ഇടപാടുകളും നിയന്ത്രിക്കുന്നത്. ഫോൺപേയ്ക്ക് 47 ശതമാനവും ഗൂഗിൾ പേയ്ക്ക് 34 ശതമാനവും വിപണി വിഹിതമുണ്ട്.

മൂന്നാം സ്ഥാനത്തുള്ള പേടിഎമ്മിന് 15 ശതമാനം വിപണി വിഹിതം മാത്രമാണുള്ളത്. 30 ശതമാനം പരിധി നടപ്പാക്കണമെങ്കിൽ ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന സേവനങ്ങൾ നിരസിക്കേണ്ടി വരുമെന്ന് ഫോൺപേ സ്ഥാപകൻ സമീർ നിഗം പറഞ്ഞു. ആമസോൺ, വാട്ട്സ്ആപ്പ് തുടങ്ങി വിവിധ ബാങ്കുകൾ വരെ യുപിഐ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അവയുടെ വിപണി വിഹിതം ഒരു ശതമാനത്തിൽ താഴെയാണ്.

K editor

Read Previous

കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Read Next

കഴക്കൂട്ടം മേൽപാതയുടെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്