ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മൂന്നാര്‍: ഇടുക്കിയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കാൻ ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവ്. ഉപ്പുതറ കണ്ണംപടി സ്വദേശി സരുൺ സജിക്കെതിരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കള്ളക്കേസെടുത്തത്. കഴിഞ്ഞ സെപ്റ്റംബർ 20നാണ് ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തുകയും വിൽക്കുകയും ചെയ്തെന്നാരോപിച്ച് സരുൺ സജിയെ കിഴുകാനം ഫോറസ്റ്റ് ഫോറസ്റ്റർ അനിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
എന്നാൽ ഇത് കള്ളക്കേസാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 7 വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എൻ.ആർ.ഷിജിരാജ്, വി.സി.ലെനിൻ, ഡ്രൈവർ ജിമ്മി ജോസഫ്, വാച്ചർമാരായ കെ.ടി.ജയകുമാർ, കെ.എൻ.മോഹനൻ എന്നിവരെയാണ് കഴിഞ്ഞ മാസം സസ്പെൻഡ് ചെയ്തത്. ഇതേതുടർന്ന് തനിക്കെതിരെ കള്ളക്കേസ് ഫയൽ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് സരുൺ സജി എസ്.സി/എസ്.ടി കമ്മീഷന് പരാതി നൽകി.
കുമളിയിൽ കേസ് പരിഗണിച്ചപ്പോൾ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ കമ്മീഷൻ അധ്യക്ഷൻ വി.എസ് മാവോജി പൊലീസിന് നിർദ്ദേശം നൽകുകയായിരുന്നു. കേസ് കെട്ടിച്ചമച്ചതിനും ശാരീരിക ഉപദ്രവം ഏൽപ്പിച്ചതിനും ഇന്ത്യൻ ശിക്ഷാനിയമപ്രകാരം ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് നിർദ്ദേശം. തുടർനടപടികൾ സംബന്ധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ പീരുമേട് ഡി.വൈ.എസ്പിക്കും കമ്മീഷൻ ചെയർമാൻ നിർദ്ദേശം നൽകി.