ശ്രീജിത്തിന്റെ മരണം: കേളകം സ്വദേശിയെ തെരയുന്നു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : ചെറുവത്തൂർ വലിയപൊയിൽ സ്വദേശി ശ്രീജിത്തിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിൽ നിർണ്ണായകമായ വഴിത്തിരിവ്. സംഭവ ദിവസം ശ്രീജിത്തിനോടൊന്നിച്ചുണ്ടായിരുന്നത് കണ്ണൂർ ഇരിട്ടി കേളകം സ്വദേശിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാൾക്കുവേണ്ടി പോലീസ് അന്വേഷണമാരംഭിച്ചു.

വടകരയിലെ ഭാര്യാഗൃഹത്തിലേക്ക് പുറപ്പെട്ട വലിയപൊയിലിലെ പെയിന്റിംഗ് തൊഴിലാളി ശ്രീജിത്തിനെ ഭാര്യാഗൃഹത്തിൽ നിന്നും 20 കിലോമീറ്ററകലെ വിജനമായ പ്രദേശത്താണ് നാട്ടുകാർ കണ്ടെത്തിയത്. നരിക്കാട്ടേരി കാരയിൽ കനാലിന്റെ സംരക്ഷണ പോസ്റ്റിൽ തട്ടി നിൽക്കുന്ന നിലയിൽ കണ്ടെത്തിയ കാറിനുള്ളിൽ ദേഹമാസകലം മുറിവുകളോടെ അർധ പ്രാണനായി കിടന്ന യുവാവിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

സംഭവ ദിവസം ഒറ്റയ്ക്ക് ഭാര്യാ ഗൃഹത്തിലെത്തിയ ശ്രീജിത്ത് കുറെ സമയം കഴിഞ്ഞ് തിരികെ പോയിരുന്നു. ഉച്ചയ്ക്ക് ശേഷം ഭാര്യാഗൃഹത്തിൽ ശ്രീജിത്ത് തിരിച്ചെത്തിയത് മറ്റൊരാൾ ഓടിച്ച കാറിലായിരുന്നു. വീട്ടിൽ നിന്നും ഇദ്ദേഹം വീണ്ടും തിരിച്ചുപോയതും ഇതേ കാറിലാണ്. അന്നേ ദിവസം രാത്രിയാണ് ശ്രീജിത്തിനെ ദേഹമാസകലം മുറിവേറ്റ നിലയിൽ കാറിനുള്ളിൽ കണ്ടെത്തിയത്. ശ്രീജിത്തിന്റെ കാറോടിച്ചിരുന്നത് കേളകം സ്വദേശിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

കാറോടിച്ചിരുന്നയാളെ ശ്രീജിത്തിന്റെ മകനും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ ഫോട്ടോ അന്വേഷണ സംഘം ശ്രീജിത്തിന്റെ മകനെ കാണിച്ചപ്പോഴാണ് കുട്ടി പിതാവിനൊപ്പം കാറിലുണ്ടായിരുന്നയാളെ തിരിച്ചറിഞ്ഞത്. ശ്രീജിത്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നാദാപുരം പോലീസിന് ഇനിയും ലഭ്യമായിട്ടില്ല. വാരിയെല്ലിനേറ്റ ക്ഷതം മരണകാരണമായെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം.

കോഴിക്കോട് ജില്ലയിലെ നാദാപുരം പഞ്ചായത്തിൽപ്പെട്ട നരിക്കാട്ടേരി കാരയിൽ ആളൊഴിഞ്ഞ പ്രദേശമാണ്. ഇവിടം സാമൂഹ്യ വിരുദ്ധരുടെ താവളമാണെന്നാണ് നാട്ടുകാർ പറയുന്നത്. സമാന്തര മദ്യമാഫിയയുടെയും, ലഹരി മാഫിയയുടെയും, സ്വർണ്ണക്കടത്ത് ഇടനില സംഘത്തിന്റെയും, വിഹാര കേന്ദ്രമായ നരിക്കാട്ടേരിയിൽ ശ്രീജിത്തിന്റെ കാർ എത്താനുള്ള കാരണങ്ങളും വ്യക്തമല്ല.

കണ്ണൂർ കേളകം സ്വദേശിയായ അജ്ഞാതനും, കാസർകോട് ചെറുവത്തൂർ വലിയപൊയിൽ സ്വദേശിയായ ശ്രീജിത്തും തമ്മിൽ കണ്ടുമുട്ടിയ സാഹചര്യമെന്തെന്നും  വ്യക്തമല്ല. പകൽ മുഴുവൻ ശ്രീജിത്തിനൊപ്പമുണ്ടായിരുന്ന കേളകം സ്വദേശി ശ്രീജിത്തിന്റെ കാറിൽ ഇന്ധനം നിറയ്ക്കാനായി പെട്രോൾ പമ്പിലെത്തിയിരുന്നു. ഇന്ധനം നിറച്ചതിന്റെ പണം നൽകിയതും ഇയാളാണെന്ന് സൂചനയുണ്ട്. സംഭവത്തിന് ശേഷം ഒളിവിലായ കേളകം സ്വദേശിക്ക് വേണ്ടി നാദാപുരം പോലീസ് വലവിരിച്ചിട്ടുണ്ട്.

LatestDaily

Read Previous

വിഴിഞ്ഞത്ത് നടന്നത് വൈദികരുടെ നേതൃത്വത്തിലുള്ള കലാപം; പോലീസ് ഹൈക്കോടതിയില്‍

Read Next

കാന്റീൻ നടത്തിപ്പുകാരൻ തൂങ്ങി മരിച്ചു