ശ്രീജിത്തിനെ കണ്ടെത്തിയ സ്ഥലം ഫോറൻസിക് സംഘം പരിശോധിച്ചു

സ്വന്തം ലേഖകൻ

ചെറുവത്തൂർ: ചെറുവത്തൂർ വലിയപൊയിൽ സ്വദേശി ശ്രീജിത്തിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണ ഭാഗമായി ഫോറൻസിക് സർജൻ, ശ്രീജിത്തിന്റെ കാർ കണ്ടെത്തിയ സ്ഥലം പരിശോധിച്ചു. കോഴിക്കോട് നരിക്കാട്ടേരി കാരയിൽ കനാലിന് സമീപം കാർ കണ്ടെത്തിയ സ്ഥലവും പരിസര പ്രദേശങ്ങളുമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ഫോറൻസിക് സർജന്റെ നേതൃത്വത്തിൽ പരിശോധിച്ചത്.

വടകരയിലെ ഭാര്യാ ഗൃഹത്തിലേക്ക് പുറപ്പെട്ട ശ്രീജിത്തിനെ നരിക്കാട്ടേരി കാരയിൽ കനാലിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് നിർത്തിയിട്ട കാറിനുള്ളിലാണ് മൃതപ്രായനായി  കണ്ടെത്തിയത്. ദേഹമാസകലം മുറിവേറ്റ് കാറിനുള്ളിൽ കണ്ടെത്തിയ യുവാവിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

ശ്രീജിത്തിന്റെ മരണത്തിൽ നാദാപുരം പോലീസ് അസ്വഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നതെങ്കിലും,  പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക സൂചനകൾ പ്രകാരം മരണം കൊലപാതകമാണെന്നുറപ്പായിട്ടുണ്ട്. ശ്രീജിത്തിനൊപ്പം ഏറെ നേരം കാറിലുണ്ടായിരുന്നയാളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. നാദാരപുരം പോലീസ് ഇൻസ്പെക്ടർ ഫായിസ് അലിയുടെ  നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിൽ ശ്രീജിത്തിനൊപ്പം കാറിലുണ്ടായിരുന്ന അജ്ഞാതനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം.

സംഭവ ദിവസം ഉച്ച മുതൽ ഇയാൾ ശ്രീജിത്തിനൊപ്പം കാറിലുണ്ടായതായി പോലീസ് സ്ഥിരീകരിച്ചു. ശ്രീജിത്ത് കാറിൽ മറ്റൊരാൾക്കൊപ്പം യാത്ര ചെയ്യുന്നതിന്റെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പോലീസിന്  ലഭിച്ചിരുന്നുവെങ്കിലും, ദൃശ്യങ്ങളിൽ വ്യക്തതയില്ലാത്തതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.

സംഭവ ദിവസം രാവിലെ ഒറ്റയ്ക്കാണ് ശ്രീജിത്ത് ഭാര്യാ ഗൃഹത്തിലെത്തിയത്. അവിടെ നിന്നും പോയ യുവാവ് ഉച്ചയോടെ ഭാര്യാഗൃഹത്തിൽ തിരിച്ചെത്തിയത് വേറൊരാൾ ഓടിച്ച ശ്രീജിത്തിന്റെ കാറിലാണ്. ഇയാൾ ആരെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഭാര്യാഗൃഹത്തിൽ നിന്നും 20 കിലോ മീറ്റർ അകലെയുള്ള സ്ഥലത്താണ് ശ്രീജിത്തിനെ കാറിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

LatestDaily

Read Previous

മഹാലാഭമേള കൗൺസിലിൽ  ഉൾപ്പെടുത്തുന്നത് അഴിമതി

Read Next

ഡിസിസി ജനറൽ സിക്രട്ടറി നേതൃത്വത്തിനോട് ക്ഷമാപണം നടത്തി