നഗ്നനായി യുവാവിന്റെ ജഡം കിണറ്റിൽ കൊലപാതകമെന്ന് സംശയം

ചിറ്റാരിക്കാൽ: പൂർണ്ണ നഗ്നനായി യുവാവിന്റെ മൃതദേഹം കിണറ്റിൽ മുങ്ങിത്താഴ്ന്ന നിലയിൽ കണ്ടെത്തി. ചിറ്റാരിക്കാൽ തയ്യേനി ആലടി കോളനിയിലെ കുഞ്ഞിക്കണ്ണന്റെ മകൻ പി.കെ. മനുവിന്റെ 30, മൃതദേഹമാണ് ഇന്ന് രാവിലെ തയ്യേനി പോത്തനാംപാറയിൽ ജോണിന്റെ ആറ് മീറ്റർ  താഴ്ചയുള്ള കിണറ്റിൽ കാണപ്പെട്ടത്.

വസ്ത്രങ്ങളൊന്നും മൃതദേഹത്തിലില്ലായിരുന്നു. കിണറ്റിൻ കരയിൽ  നിന്നും 150  മീറ്റർ മാറി  ബർമുഡയും ഷർട്ടും കാണപ്പെട്ടു. മൂന്ന് മീറ്റർ വെള്ളമുള്ള കിണറ്റിൽ കമിഴ്ന്ന് കിടന്ന നിലയിലാണ് മൃതദേഹം. കുന്നിൻ ചെരുവിന് താഴെയായാണ് കിണർ. കിണറിൽ നിന്നും അൽപ്പം  മാറി ജോണിന്റെ പുതിയ വീട് നിർമ്മാണം നടക്കുന്നുണ്ട്.  ആൾമറയില്ലാത്ത കിണറ്റിൽ മോട്ടോർ ഉപയോഗിച്ചാണ് വെള്ളമെടുക്കുന്നത്.

രാവിലെ ജോൺ പറമ്പിലെത്തിയപ്പോൾ, കിണറ്റിൻ കരയിൽ വസ്ത്രങ്ങൾ കണ്ടെത്തിയതിനെത്തുടർന്നാണ് കിണർ പരിശോധിച്ചത്. ചിറ്റാരിക്കാൽ എസ്ഐ, പ്രശാന്തിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി, അഗ്നിശമന സേനയുടെ സഹായത്തോടെ മൃതദേഹം  പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

കാലുകൾക്ക് ചെറിയ നിലയിൽ പരിക്കുകൾ കാണപ്പെട്ടതല്ലാതെ  മരണത്തിനിടയാക്കുന്ന മറ്റു പരിക്കുകളൊന്നും  പ്രത്യക്ഷത്തിലില്ല. മരണത്തിൽ പോലീസിന് സംശയമുണ്ടായതിനാൽ, മൃതദേഹം  മെഡിക്കൽ കോളേജിൽ വിദഗ്ധ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കും. വിവസ്ത്രമായ മൃതദേഹം കണ്ടത് ദുരൂഹത വർദ്ധിപ്പിക്കുന്നു.

മനുവിന്റെ  ആലടിയിലെ വീട്, മൃതദേഹം കാണപ്പെട്ട തയ്യേനിയുമായി ഒരു കിലോമീറ്റർ അകലെയാണ്. മനു രാത്രി ആലടിയിലെ വീട്ടിൽ നിന്നും പോയതായി ബന്ധുക്കൾ പോലീസിനോട് പറഞ്ഞതൊഴിച്ച് മറ്റ് വിവരമൊന്നും ബന്ധുക്കൾക്കറിയില്ല. യുവാവ് കൂലിത്തൊഴിലാളിയാണ്.

Read Previous

പെരിങ്ങോം പെൺകുട്ടിയെ ചെറുവത്തൂർ ലോഡ്ജിൽ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Read Next

വാർഡ് 20-ൽ കൊമ്പ് കോർത്ത് സിപിഎം- സിപിഐ