വിഴിഞ്ഞം അക്രമത്തില്‍ തീവ്രവാദ ബന്ധമെന്ന്‌ സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: വിഴിഞ്ഞം ആക്രമണത്തിൽ തീവ്രവാദ ബന്ധമുണ്ടെന്ന് സംസ്ഥാന ഇന്‍റലിജൻസിന്റെ റിപ്പോര്‍ട്ട്. സമരസമിതിയിലെ ചില നേതാക്കളും തീവ്രവാദ ബന്ധമുള്ളവരും തമ്മിൽ രഹസ്യയോഗം നടത്തിയെന്നാണ് കണ്ടെത്തൽ. വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പുറത്തുനിന്നുള്ളവർ നുഴഞ്ഞുകയറിയെന്ന അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങൾ യോഗത്തിൽ ഉയർന്നു.

നേരത്തെ തന്നെ വിഴിഞ്ഞത്തെ അക്രമത്തിൽ ഭീകരർക്ക് പങ്കുണ്ടെന്ന് സംശയിച്ചിരുന്നു. ഇന്നലെ വിഴിഞ്ഞം കോട്ടപ്പുറം സ്‌കൂളിലാണ് യോഗം ചേർന്നത്. അക്രമത്തിന് ശേഷമുള്ള കാര്യങ്ങള്‍ തീരുമാനിക്കാനായി ചേർന്ന യോഗം രാത്രി വൈകും വരെ നീണ്ടു. പോപ്പുലര്‍ ഫ്രണ്ട് ബന്ധമുള്ളവർ, തീവ്ര ഇടത് സംഘടനയില്‍പെട്ടവർ, കര്‍ഷക സമരത്തില്‍ പങ്കെടുത്തവർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

പോലീസ് സ്‌റ്റേഷനില്‍ അക്രമണം നടത്തിയത് സമരക്കാര്‍ക്കിടയില്‍ നുഴഞ്ഞുകയറിയവരാണ് എന്ന് പ്രചരിപ്പിക്കണം. അറസ്റ്റിന് വഴങ്ങരുത്, അറസ്റ്റിനെ പ്രതിരോധിക്കണം, ഒരു സമ്മര്‍ദ്ദ ഗ്രൂപ്പായി തുടരണം എന്നുള്ള നിര്‍ദേശങ്ങളാണ് യോഗത്തിലുണ്ടായത്. അതേസമയം, അക്രമസംഭവങ്ങളിൽ തീവ്രവാദ ബന്ധമുണ്ടോയെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് വിഴിഞ്ഞത്ത് സ്പെഷ്യൽ ഓഫീസറായി നിയമിതയായ തിരുവനന്തപുരം റേഞ്ച് ഡിഐജി ആര്‍ നിശാന്തിനി പറഞ്ഞു.

K editor

Read Previous

പെൺകുട്ടികൾക്ക് മാത്രമായി നിയന്ത്രണങ്ങൾ വേണ്ട; ഹോസ്റ്റൽ സമയവിലക്കിൽ വനിതാ കമ്മിഷൻ

Read Next

ആര്യ രാജേന്ദൻ കത്തയച്ചിട്ടില്ല: കേസില്‍ സിബിഐ വേണ്ടെന്ന് കോടതിയിൽ നിലപാടെടുത്ത് സർക്കാർ