ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘ഹിഗ്വിറ്റ’. ഹേമന്ത് ജി.നായർ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നത്. രാഷ്ട്രീയക്കാരന്റെ ലുക്കിൽ സുരാജ് എത്തിയ ഈ പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ അവസരത്തിൽ സിനിമയ്ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് എഴുത്തുകാരൻ എൻ.എസ് മാധവൻ.
ഹിഗ്വിറ്റ എന്ന പ്രശസ്തമായ തന്റെ കഥയുടെ പേരിന് മേൽ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് ദു:ഖകരമാണെന്ന് എൻ.എസ് മാധവൻ ട്വീറ്റ് ചെയ്തു.
“മലയാള സിനിമ എക്കാലവും എഴുത്തുകാരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും മാത്രമേ ചെയ്തിട്ടുള്ളൂ. അനേകം തലമുറകൾ അവരുടെ സ്‌കൂൾ തലത്തിൽ പഠിച്ച എന്റെ കഥയുടെ തലക്കെട്ടിൽ എനിക്കുള്ള അവകാശം മറികടന്ന് കൊണ്ട് ഒരു സിനിമ ഇറങ്ങുന്നു. ഒരു ഭാഷയിലെയും ഒരു എഴുത്തുകാരനും എന്റെയത്ര ക്ഷമിച്ചിരിക്കില്ല. എഴുത്തുകാരൻ എന്ന നിലയിൽ എനിക്ക് ഇത്രയേ പറയാനുള്ളൂ, ഇത് ദു:ഖകരമാണ്,” എൻ.എസ് മാധവൻ ട്വീറ്റ് ചെയ്തു.
എന്നാൽ പുറത്ത് വരുന്ന വിവരങ്ങൾ അനുസരിച്ച് സിനിമയുടെ കഥയ്ക്ക് എൻ.എസ് മാധവന്റെ കഥയുമായി നേരിട്ട് ബന്ധമൊന്നും ഇല്ലെന്നാണ് അറിയാൻ സാധിക്കുന്നത്. സെക്കൻ്റ് ഹാഫ് പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് മാംഗോസ് എൻ കോക്കനട്ട്സിൻ്റെ ബാനറിൽ ബോബി തര്യൻ – സജിത് അമ്മ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.