അബൂബക്കർ സിദ്ദിഖ്  കൊല; ഒരാൾകൂടി പിടിയിൽ

മഞ്ചേശ്വരം: മുഗുവിലെ അബൂബക്കർ സിദ്ദിഖിനെ ദുബായിൽനിന്ന്‌ വിളിച്ചുവരുത്തി തട്ടിക്കൊണ്ട്‌ പോയി മർദിച്ച്‌ കൊന്ന കേസിൽ ക്വട്ടേഷൻ സംഘത്തിലെ  ഒരാൾകൂടി പിടിയിൽ. പൈവളിഗെ സംസം വീട്ടിൽ മുഹമ്മദ്‌ ഷുഹൈബിനെയാണ്‌ 26, മഞ്ചേശ്വരം പൊലീസ്‌ ഇൻസ്‌പക്ടർ  എ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ അറസ്‌റ്റ്‌ ചെയ്‌തത്‌.

കൊലപാതകത്തിന്‌ ശേഷം വിദേശത്തേക്ക്‌ കടന്ന മുഹമ്മദ്‌ ഷുഹൈബിനെതിരെ ലുക്കൗട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചിരുന്നു. കേസിൽ പന്ത്രണ്ടാം പ്രതിയായ ഇയാൾ മർദ്ദനത്തിൽ നേരിട്ട്‌ പങ്കെടുത്തയാളാണ്‌. കോടതി റിമാൻഡ്‌ ചെയ്‌തു. കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. അഞ്ച്‌ പേർക്ക്‌ ജാമ്യം ലഭിച്ചു. ആകെ 19 പ്രതികളാണുള്ളത്‌.

കഴിഞ്ഞ ജൂൺ  26 നാണ്‌ അബൂബക്കർ സിദ്ദിഖ്‌ കൊല്ലപ്പെട്ടത്‌. ദുബായിലേക്ക്‌ കൊടുത്തയച്ച വിദേശ കറൻസി നഷ്ടപ്പെട്ടതിനെ തുടർന്നുള്ള തർക്കമാണ്‌ കൊലയിൽ കലാശിച്ചത്‌. മഞ്ചേശ്വരത്തെ സംഘം അബൂബക്കർ സിദ്ദിഖിന്റെ സഹോദരനും സുഹൃത്തിനും കൈമാറിയ പണം ദുബായിൽ ഉടമസ്ഥന്‌ ലഭിച്ചില്ല.

ദുബായിലായിരുന്ന അബൂബക്കർ സിദ്ദിഖ്‌ പണം തട്ടിയെന്ന്‌ ആരോപിച്ചാണ്‌ നാട്ടിലേക്ക്‌ വളിച്ചുവരുത്തിയത്‌. മൂവരേയും പൈവളിഗെയിലെ വീട്ടിലും പരിസരത്തുള്ള കാട്ടിലും കെട്ടിയിട്ട്‌ ക്രൂരമായി ക്വട്ടേഷൻ സംഘം മർദിച്ചു. കൊല്ലപ്പെട്ട സിദ്ദിഖിനെ ബന്തിയോട്‌ സ്വകാര്യ ആശുപത്രിക്ക്‌ മുന്നിൽ ഉപേക്ഷിച്ച്‌ സംഘം രക്ഷപ്പെട്ടു. പണം നൽകിയവർ ഏർപ്പെടുത്തിയ ക്വട്ടേഷൻ പ്രകാരമായിരുന്നു മർദ്ദനവും കൊലപാതകവും.

Read Previous

ശ്രീജിത്തിന്റെ മരണം കൊലയെന്ന് സംശയം

Read Next

എംഡിഎംഏയുമായി യുവാക്കൾ പിടിയിൽ