കൗൺസിലർ സ്ഥലം കൈയ്യേറി ചായക്കച്ചവടം തുടങ്ങി

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട് : നഗരസഭ കൗൺസിലർ തന്നെ നഗരത്തിൽ സ്ഥലം കയ്യേറി. കയ്യേറിയ സ്ഥലത്ത് ഇരുമ്പുഗ്രിൽസും പൂട്ടും സ്ഥാപിച്ച് മുറിയാക്കി മാറ്റി. ഇൗ സ്ഥലം പത്തായിരം രൂപ പ്രതിമാസ വാടകയ്ക്ക് ചായക്കച്ചവടത്തിന് നൽകുകയും ചെയ്തു.

കെഎസ്ടിപി റോഡിൽ പുതിയകോട്ട സ്മൃതി മണ്ഡപത്തിന് കിഴക്കുഭാഗത്ത് കൃഷ്ണ മന്ദിർ ക്രോസ് റോഡിന്റെ തുടക്കത്തിലുള്ള നിത്യാനന്ദ കെട്ടിടത്തിന്റെ തെക്കേ മൂലയിലാണ് ഇൗ കെട്ടിട ഉടമ കൂടിയായ നഗരസഭ കൗൺസിലർ സ്ഥലം കയ്യേറി ഇരുമ്പു ഗ്രിൽസിട്ട് പൂട്ട് സ്ഥാപിച്ച് മുറിയാക്കി മാറ്റി ചായക്കച്ചവടം നടത്താൻ മറ്റൊരാൾക്ക് വാടകയ്ക്ക് നൽകിയത്.

കുറേക്കാലമായി ഇൗ കെട്ടിട ചായ്പ്പിൽ ഒരു കർണ്ണാടക സ്വദേശി ചായക്കച്ചവടം നടത്തിവരികയായിരുന്നു. അന്നൊന്നും ഇൗ സ്ഥലം മറച്ചിരുന്നില്ല. ഇപ്പോൾ ഒരു ചെറിയ മുറിയുടെ അത്രയും സ്ഥലം കയ്യേറി ഇരുമ്പ് ഗ്രിൽസ് ഘടിപ്പിച്ച് പൂട്ടിട്ടുപൂട്ടി വാടകയ്ക്ക് നൽകുകയാണ് ചെയ്തിട്ടുള്ളത്.

നിത്യാനന്ദ ടീ സ്റ്റാൾ എന്ന ബോർഡും ഇൗ കയ്യേറ്റ സ്ഥലത്തുള്ള മുറിക്ക് സ്ഥാപിച്ചിട്ടുണ്ട്. തുറന്ന സ്ഥലത്ത് ചായക്കച്ചവടം നടത്താൻ നേരത്തെ കൗൺസിലർ ചായക്കച്ചവടക്കാരനോട് വാങ്ങിയിരുന്നത് 5000 രൂപയാണ്. ഇപ്പോൾ ഇരുമ്പു ഗ്രിൽസും പൂട്ടും ഘടിപ്പിച്ച് മുറിയാക്കി മാറ്റിയതിന് ശേഷം വാടക പത്തായിരം രൂപയാക്കി ഉയർത്തി. കൃഷ്ണ മന്ദിർ ക്രോസ് റോഡിൽ നിന്ന് 3 മീറ്റർ സ്ഥലം വിട്ടാണ് വർഷങ്ങൾക്ക് മുമ്പ് ഇവിടെ കെട്ടിടം നിർമ്മിച്ചിരുന്നത്.

കെട്ടിടത്തിൽ നിന്ന്  റോഡിലേക്ക് വിട്ടു നൽകിയ സ്ഥലമാണ് ഇപ്പോൾ കയ്യേറി  ഇരുമ്പ് ഗ്രിൽസിട്ട് മുറിയാക്കി മാറ്റിയത്. നഗരസഭയുടെ സ്വത്തുക്കൾ സംരക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത കൗൺസിലർ തന്നെ നഗരസഭയുടെ സ്ഥലം കൈയ്യേറിയ സംഭവം പുതിയതാണ്.

LatestDaily

Read Previous

ഹോസ്റ്റലുകളിലെ സമയ നിയന്ത്രണം; പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് ഹൈക്കോടതി

Read Next

ശ്രീജിത്തിന്റെ മരണം കൊലയെന്ന് സംശയം