അനധികൃത വ്യാപാരത്തോട് നഗരസഭയ്ക്ക് മൃദുസമീപനം

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട് : നഗരത്തിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ 700 ചതുരശ്ര  അടി വിസ്തീർണ്ണത്തിൽ ഷെഡ്ഡ് കെട്ടി കഴിഞ്ഞ ആറുമാസക്കാലമായി തീർത്തും അനധികൃതമായി നടത്തിവരുന്ന വ്യാപാരത്തോട് കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷയ്ക്ക് മൃദു സമീപനം.

നോർത്ത് കോട്ടച്ചേരി പത്മ പോളി ക്ലിനിക്കിന് തൊട്ട് തെക്കുഭാഗത്ത് കെഎസ്ടിപി റോഡിന് പടിഞ്ഞാറുഭാഗത്താണ് നഗരസഭ നിയമങ്ങൾ കാറ്റിൽപ്പറത്തി ഇടുക്കി വ്യാപാരി മഹാലാഭം മേള എന്ന പേരിൽ നഗരസഭയുടെ  താൽക്കാലിക ലൈസൻസുപോലുമില്ലാതെ കഴിഞ്ഞ 6 മാസക്കാലമായി വ്യാപാരം പൊടി പൊടിക്കുന്നത്.

വീട്ടുപകരണങ്ങളും, സ്ത്രീകളെ ആകർഷിക്കുന്ന ചെരുപ്പ്, കുട, ബാഗുകൾ, ഇതര പ്ലാസ്റ്റിക് ഉപകരണങ്ങൾ എന്നിവയുടെ അനധികൃത വിൽപ്പന കേന്ദ്രമാണ്  ലാഭം മഹാലാഭം മേള. ആവശ്യക്കാർ പണം കൊടുത്തുവാങ്ങുന്ന ഇൗ മേളയിലെ ഉൽപ്പന്നങ്ങൾക്ക് യാതൊരു ഗ്യാരണ്ടിയും ഉറപ്പുമില്ല. സാധനം വാങ്ങിയതിന് ബില്ലും ജിഎസ്ടിയുമില്ല.

നഗരത്തിൽ ഭീമമായ തുക കെട്ടിട വാടക നൽകിയും, ജിഎസ്ടി നൽകിയും വ്യാപാരികൾ നടത്തിവരുന്ന കച്ചവടങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ പ്രയാസപ്പെടുമ്പോഴാണ് നഗര ഹൃദയത്തിൽ ആറുമാസക്കാലമായി നഗരസഭയുടെ മൗനാനുവാദത്തോടെയും  മൃദു സമീപനത്തോടെയും  അനധികൃത വ്യാപാരം പൊടിപൊടിക്കുന്നത്.

ലേറ്റസ്റ്റ് വാർത്തയെ തുടർന്ന് ഇൗ മഹാലാഭ മേളയുടെ ഇടുക്കി സ്വദേശിയായ ഉടമയ്ക്ക് നഗരസഭ വിശദീകരണ നോട്ടീസ് നൽകിയിരുന്നു. നോട്ടീസിന് ഉടമ മറുപടി നൽകാതെ വന്നപ്പോൾ, അനധികൃത വ്യാപാര  ഷെഡ് പൊളിച്ചുമാറ്റാൻ നഗരസരഭ ആരരോഗ്യ വിഭാഗം വീണ്ടും നോട്ടീസ് നൽകിയിരുന്നു.

ഇൗ നോട്ടീസ്സുകൾക്കെല്ലാം പുല്ലുവില കൽപ്പിച്ചാണ് മഹാലാഭ മേള നഗരസഭയെ വെല്ലുവിളിച്ച് ഇപ്പോഴും വ്യാപാരം നടത്തി വരുന്നത്. ഇൗ നിലയിൽ അനധികൃത വ്യാപാരങ്ങളെ നഗരസഭ പ്രോത്സാഹിപ്പിക്കുകയാണെങ്കിൽ, നഗരത്തിൽ കണ്ണായ സ്ഥലങ്ങളിലെല്ലാം ഷെഡ് കെട്ടി തങ്ങളും വ്യാപാരം ആരംഭിക്കുമെന്ന് കാഞ്ഞങ്ങാട്ടെ ഒരുപറ്റം വ്യാപാരികൾ മുന്നറിയിപ്പു നൽകി.

നഗരത്തിൽ ആറുമസത്തിലധികം അനധികൃത വ്യാപാരം നടത്തിയ ആൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും അനധികൃത വ്യാപാര  ഷെഡ് നഗരസഭ പൊളിച്ചു മാറ്റണമെന്നും, ഇന്നുവരെ കാഞ്ഞങ്ങാട്ട് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് നഗരസഭാ അധികൃതരോട് രേഖാമൂലവും വാക്കാലും ആവശ്യപ്പെടാത്തതിൽ ഒരുപറ്റം വ്യാപാരികൾ പ്രതിഷേധത്തിലാണ്.

LatestDaily

Read Previous

സ്വയം തിരുത്താൻ തുടങ്ങിയത് സർക്കാരിൽ നിന്നുള്ള സമ്മർദ്ദത്തിൽ സഹികെട്ടപ്പോൾ; ഗവർണർ

Read Next

വിഴിഞ്ഞം പദ്ധതി; സമരസമിതി ഒഴികെ എല്ലാവരും പിന്തുണ പ്രഖ്യാപിച്ചെന്ന് മന്ത്രി