KSRTCയിൽ പരിഷ്കാരം; ദീര്‍ഘദൂര യാത്രക്കാര്‍ അങ്കമാലിയിൽ വണ്ടിമാറിക്കയറണം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സർവീസിൽ പുതിയ പരിഷ്കാരം. അങ്കമാലിയെ ട്രാൻസിറ്റ് ഹബ്ബാക്കി മാറ്റുന്ന പരിഷ്കാരമാണ് നടപ്പാക്കാൻ പോകുന്നത്. കെ.എസ്.ആർ.ടി.സിയിൽ നടപ്പാക്കുന്ന സിംഗിൾ ഡ്യൂട്ടി ദീർഘദൂര സർവീസുകളിലേക്ക് വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണിത്. വടക്കൻ ജില്ലകളിലേക്ക് യാത്ര ചെയ്യുന്നവർക്ക് അങ്കമാലിയിൽ ഇറങ്ങി മറ്റൊരു ബസിൽ യാത്ര തുടരാൻ കഴിയുന്ന തരത്തിൽ ട്രാൻസിറ്റ് സംവിധാനമാണ് നടപ്പാക്കുന്നത്.

തിരുവനന്തപുരത്ത് നിന്ന് വടക്കൻ ജില്ലകളിലേക്കുള്ള സർവീസുകൾ ദേശീയപാത വഴിയും എം.സി. റോഡ് വഴിയുമാണ് നടക്കുന്നത്. ഈ രണ്ട് റൂട്ടുകളുടെയും സംഗമസ്ഥാനമായതിനാലാണ് അങ്കമാലിയെ ട്രാൻസിറ്റ് ഹബ്ബായി തിരഞ്ഞെടുത്തതെന്ന് കെ.എസ്.ആർ.ടി.സി. സിഎംഡി പറഞ്ഞു. ഇത് ഡ്രൈവർമാരുടെ അമിത ജോലിഭാരം കുറയ്ക്കും. നിലവിൽ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് എത്താനുള്ള സമയം 13 മുതൽ 14 മണിക്കൂർ വരെയാണ്.

കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് ഓരോ മണിക്കൂറിലും ഒരു ദീർഘദൂര ബസുണ്ടാവുകയും, ആ ബസ് അങ്കമാലിയിൽ എത്തി ചേഞ്ച് നടത്തുകയോ അല്ലെങ്കിൽ അവരെ മറ്റൊരു ബസിലേക്ക് മാറ്റുകയോ ചെയ്ത് യാത്ര തുടരുന്ന രീതി ആണിത്. ബസ് മാറേണ്ടി വന്നാൽ യാത്രക്കാർ റിസർവ് ചെയ്ത അതേ സീറ്റ് അടുത്ത ബസിലും ലഭ്യമാക്കും.

Read Previous

സില്‍വര്‍ ലൈന്‍ ഉപേക്ഷിക്കുന്നു എന്ന് പറയാൻ സർക്കാരിന് ജാള്യത: വി.ഡി.സതീശൻ

Read Next

കൊച്ചി എയർപോർട്ട് ബിസിനസ് ജെറ്റ് ടെര്‍മിനൽ ഉദ്ഘാടനം ഡിസംബർ 10ന്; മുഖ്യമന്ത്രി നിർവഹിക്കും