മടിക്കൈയിൽ വീണ്ടും ഓട മണ്ണെടുപ്പ് നാട്ടുകാർ തടഞ്ഞു ∙ പണി നിർത്തി

മടിക്കൈ:  മടിക്കൈ ഗ്രാമപഞ്ചായത്തിലെ കീക്കാംങ്കോട്ട് റോഡ് ഇറക്കത്തിൽ  വീണ്ടും പുതിയ  ഓട പണിയുന്നു. വാർഡ് 14-ൽ നൂഞ്ഞി റോഡ് ഇറക്കത്തിൽ 5 ലക്ഷം രൂപ ചിലവിൽ പഞ്ചായത്ത്  പണിത ഓട നിർമ്മാണത്തിലുള്ള അഴിമതി  പഞ്ചായത്ത് ഭരണസമിതിക്കും, വാർഡ് മെമ്പർ  സിപിഎമ്മിലെ ജഗദീഷിനുമെതിരെ  കത്തിപ്പടരുന്നതിനിടയിലാണ്, ഇതേ വാർഡിൽ കാലിച്ചാംപൊതി- അരയി മരാമത്ത്  റോഡിൽ കീക്കാംങ്കോട്ട്   രണ്ടാമത്തെ ഓടപ്പണിക്ക്  ഒരു കിണറിന്റെ ആഴത്തിൽ കുഴി കുത്തി ലോഡ് കണക്കിന് ചെമ്മണ്ണ് കടത്തിക്കൊണ്ടുപോയത്.

പൊതുമരാമത്ത് റോഡാണിത്. ജില്ലാപഞ്ചായത്താണ് ഓട നിർമ്മാണത്തിന് പണം അനുവദിച്ചതെങ്കിലും, നിർമ്മാണ മേൽനോട്ടം മടിക്കൈ ഗ്രാമപഞ്ചായത്തിനാണ്. റോഡിൽ നിന്ന് രണ്ടര മീറ്റർ ആഴത്തിലാണ് ഇവിടെ ഓടയ്ക്ക് വേണ്ടി കുഴി കുത്തിയിട്ടുള്ളത്.  ഇത്രയും ആഴത്തിലുള്ള ഓട കീക്കാങ്കോട്ട് റോഡരികിൽ ആവശ്യമില്ലെന്ന് പരിസരവാസികൾ ലേറ്റസ്റ്റിനോട് വെളിപ്പെടുത്തി. 

ഓടക്ക് വേണ്ടി 100 മീറ്റർ  ദൂരത്തിൽ കുത്തിയ കുഴിയിൽ നിന്ന് 25 ഓളം ലോഡ് ചെമ്മണ്ണ് ഇതിനകം സ്വകാര്യ വ്യക്തികളുടെ പറമ്പിലെത്തിച്ചിട്ടുണ്ട്. കീക്കാങ്കോട്ട് ഓടപ്പണി സംബന്ധിച്ച് തനിക്ക് കൂടുതലൊന്നും അറിയില്ലെന്നും, പരാതിയെ തുടർന്ന്  നിർമ്മാണം തൽക്കാലം നിർത്തിവെച്ചിട്ടുണ്ടെന്നും, മടിക്കൈ ഗ്രാമപഞ്ചായത്ത് എഞ്ചിനീയർ പെരിയ കായക്കുളത്തെ  ഗണേശൻ പറഞ്ഞു.

LatestDaily

Read Previous

കാഞ്ഞങ്ങാട്ട് പോക്സോ കോടതി 2-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Read Next

മടിക്കൈയിൽ സുജാത അധ്യക്ഷ സ്ഥാനാർത്ഥി പ്രകാശൻ ബങ്കളം മൽസരിക്കും