വീട്ടമ്മയെ ഗ്യാസ് തുറന്ന് വിട്ട് കൊലപ്പെടുത്തിയ കേസ്; അയല്‍വാസി അറസ്റ്റിൽ

ചെറുതോണി: ഇടുക്കി നാരക്കക്കാനത്ത് വീട്ടമ്മയെ ഗ്യാസ് തുറന്ന് വിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കുമ്പിടിയമാക്കലിൽ ചിന്നമ്മ ആന്‍റണിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അയൽവാസിയും പൊതുപ്രവർത്തകനുമായ തോമസ് വർഗീസ് (സജി-54) ആണ് അറസ്റ്റിലായത്. കമ്പത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മോഷണം തടഞ്ഞപ്പോഴാണ് ചിന്നമ്മയെ കൊലപ്പെടുത്തിയതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. വീട്ടിൽ നിന്ന് മോഷ്ടിച്ച വളകളും മാലയും ഇയാള്‍ പണയപ്പെടുത്തി.

വെട്ടുകത്തിയുടെ പിൻഭാഗം കൊണ്ട് തലയ്ക്കടിച്ച ശേഷം വെട്ടി. തുടർന്ന് ജീവനോടെ കത്തിച്ചു കൊലപ്പെടുത്തുകയും ചെയ്തു. ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് ചിന്നമ്മ ആന്‍റണിയെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടക്കുമ്പോൾ ചിന്നമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകനും മരുമകളും മൂന്ന് മക്കളും ആയിരുന്നു വീട്ടിൽ താമസം. കൊച്ചുമകൾ സ്കൂളിൽ നിന്ന് വീട്ടിലേക്ക് എത്തിയപ്പോഴാണ് ചിന്നമ്മയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ഗ്യാസ് സിലിണ്ടർ മറിഞ്ഞ് നിലത്ത് കിടക്കുകയായിരുന്നു. അപകടമാണെന്നാണ് ആദ്യം കരുതിയത്.

കവർച്ചയ്ക്കിടെ നടന്ന കുറ്റകൃത്യമാണ് സംഭവമെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. വീട്ടമ്മ ധരിച്ചിരുന്ന സ്വർണാഭരണങ്ങളാണ് കവർന്നത്. വീടിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്നവരാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സജി കുടുങ്ങിയത്.

K editor

Read Previous

ഇ-പേപ്പർ അനധികൃതമായി അപ്ലോഡ് ചെയ്യുന്നവരുടെ വിവരം നൽകണമെന്ന് ടെലഗ്രാമിനോട് കോടതി

Read Next

ഇന്ത്യൻ ഭരണഘടന തുറന്നതും ഭാവിയെക്കരുതുന്നതുമെന്ന് പ്രധാനമന്ത്രി