ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: കൊടിയിലും പേരിലും മതചിഹ്നങ്ങളും പേരുകളും ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ മുസ്ലിം ലീഗിനെ കക്ഷിയാക്കാൻ സുപ്രീം കോടതി അനുമതി നൽകി. ജസ്റ്റിസ് എം.ആർ. ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ലീഗിനെ കക്ഷിയാക്കാൻ ഉത്തരവിട്ടത്. മറുപടി നൽകാൻ മൂന്നാഴ്ചത്തെ സാവകാശമാണ് കോടതി നൽകിയത്.
വിദ്വേഷക്കേസിലെ പ്രതിയാണ് ലീഗിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയതെന്ന് ലീഗിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദാവെ സുപ്രീം കോടതിയിൽ വാദിച്ചു. മതചിഹ്നങ്ങളും പേരുകളും ഉപയോഗിച്ചതിന് മുസ്ലിം ലീഗ്, ഹിന്ദു ഏകതാ ദൾ, അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം തുടങ്ങിയ രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സയ്യിദ് വസീം റിസ്വിയാണ് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്.
എന്നാൽ ലീഗ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളെ ഹർജിയിൽ കക്ഷിയാക്കിയിരുന്നില്ല. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ ലീഗിനെ കക്ഷിയാക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. ശിവസേന, ശിരോമണി അകാലിദൾ തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾക്ക് അവരുടെ പേരിൽ മതമുണ്ടെന്നും എന്നാൽ ഹർജിക്കാരൻ മനപ്പൂർവ്വം അവരെ ഹർജിയിൽ നിന്ന് ഒഴിവാക്കിയെന്നും മുസ്ലിം ലീഗിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ, അഭിഭാഷകൻ ഹാരിസ് ബീരാൻ എന്നിവർ സുപ്രീം കോടതിയെ അറിയിച്ചു.