ഉപ്പള സ്വർണ്ണക്കടത്ത് സംഘം മേൽപ്പറമ്പ യുവാവിനെ റാഞ്ചി

മേൽപ്പറമ്പ്  : ഉപ്പളയിൽ നിന്നെത്തിയ ക്വട്ടേഷൻ സംഘം ഒറവങ്കര  യുവാവിനെ കാറിൽ തട്ടിക്കൊണ്ടു പോയി. ഇന്ന് പുലർച്ചെ 2.30 മണിക്ക് മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഒറവങ്കരയിലാണ് സംഭവം.

സ്വർണ്ണക്കടത്ത് മാഫിയയിൽപ്പെട്ടവരാണ് ഒറവങ്കരയിലെ ഷംനാസിനെ കാറിൽ തട്ടിക്കൊണ്ടു പോയത്. മേൽപ്പറമ്പ് സ്വദേശിയായ മുസ്തഫ ഉപ്പളയിലെ സ്വർണ്ണക്കടത്ത് സംഘത്തിന് വേണ്ടി ഗൾഫിൽ നിന്നും അരക്കിലോ സ്വർണം  കൊണ്ടുവന്നിരുന്നു.

കള്ളക്കടത്ത് സ്വർണ്ണം അതിന്റെ യഥാർത്ഥ അവകാശിക്ക് കൈമാറാതെ മുസ്തഫ മുങ്ങിയതിനെത്തുടർന്നാണ് സ്വർണ്ണക്കടത്ത് സംഘം ഏർപ്പാടാക്കിയ ക്വട്ടേഷൻ സംഘം ഇന്ന് പുലർച്ചെ മുസ്തഫയുടെ സുഹൃത്തായ ഷംനാസിനെ  റാഞ്ചിയത്.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്വർണ്ണക്കടത്ത് സംഘത്തിന് വേണ്ടി വിദേശത്തു നിന്നും സ്വർണ്ണം കടത്തുന്ന ഏജന്റുമാരുണ്ട്. ഗൾഫിലേക്കും, തിരിച്ചുമുള്ള ടിക്കറ്റ് , വിസ എന്നിവയ്ക്ക് പുറമെ ഏജന്റുമാർക്ക് പ്രതിഫലവും  ലഭിക്കും. ഇത്തരത്തിലുള്ള ഏജന്റായിരുന്നു മുസ്തഫയും. മേൽപ്പറമ്പ് സ്വദേശിയായ യുവാവ് കീഴൂരിലെ വാടക ക്വട്ടേഴ്സിലാണ് താമസം. ഗൾഫിൽ നിന്നും സ്വർണ്ണം കടത്തിക്കൊണ്ടു വന്ന മുസ്തഫ നാട്ടിലെത്തിയതോടെ മൊബൈൽ ഫോൺ ഒാഫാക്കി മുങ്ങി. യുവാവിനെ കണ്ടെത്താൻ പലവിധത്തിലും ശ്രമിച്ചെങ്കിലും കണ്ടെത്താനാകാതെ വന്നതോടെയാണ് ഇദ്ദേഹത്തെ അന്വേഷിച്ച് ക്വട്ടേഷൻ സംഘമെത്തിയത്.

ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയ യുവാവിന് വേണ്ടി മേൽപ്പറമ്പ് പോലീസ് ഇൻസ്പെക്ടർ ബെന്നിലാൽ, എസ്. ഐ, പത്മനാഭൻ എന്നിവരടങ്ങുന്ന പോലീസ് സംഘം വിവിധ സ്ഥലങ്ങളിൽ തെരച്ചിൽ നടത്തി. 25 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് മുസ്തഫ നാട്ടിലെത്തിച്ചത്.

LatestDaily

Read Previous

വെസ്റ്റ് എളേരി പഞ്ചായത്ത് 1-ാം വാർഡിൽ മത്സരഫലം പ്രവചനാതീരം

Read Next

പതിനേഴുകാരിയെ ഒാട്ടോയിൽ കൊണ്ട് പോയി പീഡിപ്പിച്ചു