ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: സമര പരിപാടികളിൽ പങ്കെടുക്കുന്നില്ലെന്ന ആരോപണങ്ങൾക്കിടെ കോൺഗ്രസ് നേതാവ് ശശി തരൂർ തലസ്ഥാനത്ത്. കോർപ്പറേഷൻ വിഷയത്തിൽ കോൺഗ്രസിന്‍റെ പ്രതിഷേധ വേദിയിലാണ് തരൂർ എത്തിയത്. വേദിയിൽ തന്നെ പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കാൻ വൈകിയത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി.
“എല്ലാ കാര്യത്തിലും ആലോചിച്ച് വിഷയം മനസ്സിലാക്കിയിട്ടാണ് തീരുമാനം എടുക്കുന്നത്. തിരുവനന്തപുരത്തെ കോർപ്പറേഷൻ സമരവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ മേയറുടെ രാജി ആവശ്യപ്പെട്ടിരുന്നു. തിരക്ക് കാരണമാണ് തിരുവനന്തപുരത്ത് എത്താൻ സാധിക്കാത്തത്” അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ ആദ്യം ഇടപെട്ടത് താനാണെന്ന് പറഞ്ഞാണ് അദ്ദേഹം സമരവേദിയിൽ പ്രസംഗം ആരംഭിച്ചത്. ജില്ലയിലെ എല്ലാ പ്രധാന നേതാക്കളെയും വേദിയിലെത്തിക്കാനും തരൂരിന് സാധിച്ചു. സംസ്ഥാന ആഭ്യന്തര വകുപ്പിനും പൊലീസിനുമെതിരെ ശശി തരൂർ രൂക്ഷവിമർശനമാണ് ഉയർത്തിയത്. കെ-റെയിൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തരൂർ സർക്കാരിനെ പിന്തുണയ്ക്കുന്നുവെന്ന് കോൺഗ്രസിനുള്ളിൽ വിമർശനം ഉയർന്നിരുന്നു. എന്നാൽ മുഖ്യമന്ത്രിക്ക് തെറ്റ് പറ്റിയാൽ മുഖ്യമന്ത്രിയെയും വിമർശിക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.