പെരുമ്പാവൂരിലെ കോണ്‍ഗ്രസ് ജാഥയില്‍ മുഖ്യപ്രഭാഷണം നടത്താൻ എല്‍ദോസ് കുന്നപ്പിള്ളില്‍

കൊച്ചി: പീഡനക്കേസിൽ ആരോപണ വിധേയനായ എൽദോസ് കുന്നപ്പിള്ളില്‍ എം.എൽ.എയെ മുഖ്യപ്രഭാഷണത്തിന് ക്ഷണിച്ച് പെരുമ്പാവൂരിലെ കോൺഗ്രസ് നേതാക്കൾ. പെരുമ്പാവൂർ ബ്ലോക്ക് പ്രസിഡന്‍റ് ഷാജി സലിമിന്‍റെ നേതൃത്വത്തിൽ നടക്കുന്ന വാഹന പ്രചാരണ ജാഥയുടെ പോസ്റ്ററിലാണ് എൽദോസിന്‍റെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്.

കൂടാതെ കുറുപ്പംപടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ എൽദോസിന്‍റെ ചിത്രമുള്ള പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആയ കെ.പി വര്‍ഗീസ് നയിക്കുന്ന തെരുവ് വിചാരണ യാത്രയുടെ പോസ്റ്ററിലാണ് എല്‍ദോസിന്റെ ചിത്രമുള്ളത്.

പീഡനക്കേസിന്‍റെ പശ്ചാത്തലത്തിൽ എൽദോസിനെ ആറ് മാസത്തേക്ക് കോൺഗ്രസ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഡി.സി.സിയുടെയും കെ.പി.സി.സിയുടെയും ഭാരവാഹിത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നു എന്നറിയിച്ചത് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനായിരുന്നു. എന്നാൽ സസ്പെൻഷൻ മണ്ഡലത്തിൽ നടക്കുന്ന പരിപാടികൾക്ക് ബാധകമല്ലെന്നാണ് പ്രാദേശിക നേതൃത്വത്തിന്‍റെ ന്യായീകരണം.

Read Previous

‘വരാഹ രൂപം’ ഇല്ലാതെ ‘കാന്താര’; നീതിയുടെ വിജയമെന്ന് തൈക്കുടം ബ്രിഡ്ജ്

Read Next

ശബരിമല അരവണ ടിൻ വിതരണം; കരാർ കമ്പനിക്ക് താക്കീത്