കല്ല്യോട്ട്  ഇരട്ടക്കൊല: പ്രതികളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍  ഉത്തരവ്‌

കാഞ്ഞങ്ങാട്: കോളിളക്കം സൃഷ്ടിച്ച പെരിയ കല്യോട്ട്, ഇരട്ടക്കൊലക്കേസിലെ മുഴുവന്‍ പ്രതികളെയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ സി ബി ഐ കോടതി ഉത്തരവ് . യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത് ലാല്‍, കൃപേഷ് എന്നിവരെ ബൈക്ക് തടഞ്ഞു നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി എ പീതാംബരൻ ചട്ട വിരുദ്ധമായി ആയൂർവ്വേദ ചികിത്സയില്‍ കഴിയുന്ന സംഭവം കഴിഞ്ഞ ദിവസം പുറത്ത് വന്നതിന് പിന്നാലെയാണ് സി ബി ഐ കോടതി മുഴുവന്‍ പ്രതികളെയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ ഉത്തരവിറക്കിയത്.

ഇതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് സി ബി ഐ കോടതി വിശദീകരണം  ചോദിച്ചിരുന്നു.  സിബിഐ കോടതിയിലെത്തിയ സൂപ്രണ്ടിനെ വൈകിട്ട് വരെ പിടിച്ച് ഇരുത്തിയിരുന്നു. ഇതിന് ശേഷമാണ് കോടതി പ്രതികളെ ജയില്‍ മാറ്റാന്‍ ഉത്തരവിറക്കിയത്. ശരീര വേദനയ്ക്കുള്ള ചികിത്സയുടെ പേരിലാണ് പിതാംബരനെ കഴിഞ്ഞ മാസം 24 ന് കണ്ണൂര്‍ താണയിലുള്ള ഗവ. ആയുർവ്വേദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇതിനായി ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുകയും ചെയ്തു. ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പീതാംബരനെ 40 ദിവസത്തെ ചികിത്സക്കായി ഇവിടെ പ്രവേശിപ്പിച്ചത്. ചികില്‍സ നല്‍കണമെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ ശുപാര്‍ശ ഉണ്ടായാലും സി ബി ഐ കോടതിയുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ ആശുപത്രിയില്‍ പ്രവേശിപ്പിക്കുവാനാകൂ.

LatestDaily

Read Previous

ലോറി വൈദ്യൂതി തൂൺ  ഇടിച്ചു തകര്‍ത്തു

Read Next

കോടതി ജീവനക്കാരന്റെ കവുങ്ങ് മോഷ്ടിച്ചു