നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്ന് ഇന്ധന കവർച്ച പതിവാകുന്നു

തൃക്കരിപ്പൂർ:  വീടുകൾക്ക് മുന്നിൽ നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്നുള്ള ഇന്ധന കവർച്ച തൃക്കരിപ്പൂരിൽ പതിവായി. പെട്രോൾ–ഡീസൽ കള്ളൻമാരെ പിടിക്കാൻ വഴി തേടി ഉടമകൾ.

ടൗണിന്റെ പരിസര പ്രദേശങ്ങളിലുള്ള വീടുകളിൽ നിർത്തിയിട്ട വാഹനങ്ങളിൽ നിന്നാണ് പ്രധാനമായും ഇന്ധന കവർച്ച. കൂടുതലായും ബൈക്കുകളിൽ നിന്നാണ് കവർന്നെടുക്കുന്നത്.

അടുത്ത ദിവസങ്ങളിൽ വടക്കെ കൊവ്വലിൽ 3 വീടുകളിൽ നിന്നാണ് ഇന്ധന മോഷണം നടത്തിയത്. ലോക്ഡൗണിനു മുൻപ് തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ് കേന്ദ്രത്തിലും പരിസരത്തും നിർത്തിയിടുന്ന യാത്രക്കാരുടെ വാഹനങ്ങളിൽ നിന്ന് ഇന്ധനം കവരുന്നത് പതിവായിരുന്നു.

പകലും രാത്രിയും ഭേദമില്ലാതെ ഇവിടെ നടത്തി വന്ന കവർച്ചയ്ക്ക് പിന്നീട് ശമനമുണ്ടായി.  ഇന്ധന കവർച്ചക്കാരുടെ മേൽ യുവാക്കളുടെ സംഘം കണ്ണു വച്ചതോടെയാണ് ഇവിടത്തെ മോഷണത്തിന് അവസാനമായത്.

പിന്നീടാണ് റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഇന്ധന കവർച്ച വീടുകളിലേക്കായത്. പെട്രോൾ–ഡീസൽ കള്ളൻമാരെ പിടിക്കാൻ എന്തെങ്കിലും സംവിധാനം ഒരുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

LatestDaily

Read Previous

രവീണ തിരിച്ചു വരുന്നു

Read Next

പെരിങ്ങോം കൂട്ടബലാത്സംഗം : 2 പേർ അറസ്റ്റിൽ