എംഎല്‍എമാരെ കൂറുമാറ്റാൻ ശ്രമം; തുഷാർ വെള്ളാപ്പള്ളിക്ക് ലുക്കൗട്ട് നോട്ടീസ്

ഹൈദരാബാദ്: തെലങ്കാനയിലെ ഭരണകക്ഷിയായ ടിആർഎസിലെ എംഎൽഎമാരെ കൂറുമാറ്റി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ച കേസിൽ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്കെതിരെ തെലങ്കാന പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഓപ്പറേഷൻ താമരയുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനാലാണ് നടപടി. ഡോ. ജഗ്ഗുസ്വാമിക്കും ലുക്കൗട്ട് നോട്ടീസുണ്ട്.

സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള ‘ഓപ്പറേഷൻ താമര’ പദ്ധതിക്ക് പിന്നിലെ കേന്ദ്രബിന്ദുവാണ് തുഷാറെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു പറഞ്ഞിരുന്നു. ടിആർഎസ് എംഎൽഎമാരെ സ്വാധീനിക്കാൻ 100 കോടി രൂപ വാഗ്ദാനം ചെയ്തത് അമിത് ഷായുടെ നോമിനിയായ തുഷാറാണെന്ന് കെസിആർ ആരോപിച്ചിരുന്നു. ടിആർഎസ് എംഎൽഎമാരോട് തുഷാറിന്‍റെ ഏജന്‍റുമാർ ഇക്കാര്യം വെളിപ്പെടുത്തുന്ന വീഡിയോയും കെസിആർ പുറത്തുവിട്ടിരുന്നു. തുടർന്ന് കൊച്ചി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തെലങ്കാന പൊലീസ് റെയ്ഡ് നടത്തി.

കഴിഞ്ഞ ദിവസം തുഷാറിന്‍റെ കണിച്ചുകുളങ്ങരയിലെ വീട് സന്ദർശിച്ച് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. 21ന് ഹൈദരാബാദിലെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനായിരുന്നു നോട്ടീസ്. നൽഗൊണ്ട എസ്.പി രമ മഹേശ്വരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കണിച്ചുകുളങ്ങരയിലെത്തിയത്.

K editor

Read Previous

വിഴിഞ്ഞത്ത് നിര്‍മാണ പ്രവര്‍ത്തനം തടസപ്പെട്ടു; അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍

Read Next

സംസ്ഥാനത്ത് റോഡപകടമൊഴിവാക്കാന്‍ വഴിയൊരുങ്ങുന്നു