ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: യുദ്ധത്തിനുശേഷം യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികളിൽ 170 പേർ മറ്റ് രാജ്യങ്ങളിൽ പഠനം തുടരുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചു. മറ്റ് രാജ്യങ്ങളിൽ പഠനം തുടരുവാൻ അനുവദിക്കണമെന്ന 382 വിദ്യാർത്ഥികളുടെ ആവശ്യം വിവിധ വിദേശ മെഡിക്കൽ കോളേജുകൾ നിരസിച്ചതായും കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
ഇന്ത്യയിൽ നിന്നുള്ള 15,783 വിദ്യാർത്ഥികൾ യുക്രൈനിലെ വിവിധ മെഡിക്കൽ കോളേജുകളിൽ പഠിക്കുന്നുണ്ടായിരുന്നു. ഇതിൽ 14,973 വിദ്യാർത്ഥികൾ ഇപ്പോൾ ഓൺലൈനിൽ പഠനം തുടരുകയാണ്. 670 ഓളം ഇന്ത്യൻ വിദ്യാർത്ഥികൾ യുക്രൈനിലെ മെഡിക്കൽ കോളേജുകളിൽ ഓഫ്ലൈനായി പഠിക്കുന്നു. വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരമില്ലായ്മ, ഫീസ് അടയ്ക്കുന്നതിലെ കാലതാമസം, സൗജന്യ സീറ്റുകളുടെ ലഭ്യതക്കുറവ് എന്നിവ കണക്കിലെടുത്ത് മറ്റ് രാജ്യങ്ങളിലെ മെഡിക്കൽ കോളേജുകൾ പഠനം തുടരാനുള്ള 382 വിദ്യാർത്ഥികളുടെ അഭ്യർത്ഥന നിരസിച്ചതായി സത്യവാങ്മൂലത്തിൽ പറയുന്നു. ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിൽ പഠനം തുടരാൻ അനുമതി തേടി വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയിലാണ് സത്യവാങ്മൂലം സമർപ്പിച്ചത്.
യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുദ്ധത്തിന്‍റെ ഇരകളുടെ പദവി നൽകണമെന്ന് ഒരു വിഭാഗം വിദ്യാർത്ഥികൾ സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചു. മടങ്ങിയെത്തിയ വിദ്യാർത്ഥികളാണ് ഈ ആവശ്യം സുപ്രീം കോടതിയിൽ ഉന്നയിച്ചത്. ജനീവ ഉടമ്പടി പ്രകാരമുള്ള ആനുകൂല്യങ്ങൾക്ക് തങ്ങൾക്ക് അർഹതയുണ്ടെന്ന് വിദ്യാർത്ഥികളുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വിദ്യാർത്ഥികളുടെ ഹർജികൾ അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി.