കെപിസിസി മാർഗ്ഗരേഖ കോൺ. സ്ഥാനാർത്ഥികൾക്ക് കുരുക്കാവും, കാഞ്ഞങ്ങാട്ട് സ്ഥാനാർത്ഥി ചിത്രം മറ നീക്കിതുടങ്ങി

കാഞ്ഞങ്ങാട്: ആരോപണ വിധേയരും, കളങ്കിതരും, പാർട്ടി നടപടിക്ക് വിധേയരായവരുമായ സ്ഥാനാർത്ഥികളെ തദ്ദേശ തിരഞ്ഞെടുപ്പിൽ മാറ്റി നിർത്തണമെന്ന കെപിസിസി മാർഗ്ഗരേഖ ഇത്തവണ ഏറ്റവും കൂടുതൽ വിനയായിത്തീരുക, കാഞ്ഞങ്ങാട് നഗരസഭയിൽ മൽസരിക്കാൻ  താൽപ്പര്യമെടുത്ത കോൺഗ്രസ്സ് സ്ഥാനാർത്ഥികൾക്കായിരിക്കും.

കാഞ്ഞങ്ങാട്ടെ രാജ് റസിഡൻസി മദ്യശാല തുറക്കാൻ യുഡിഎഫ് നേതൃത്വത്തിലുള്ള കോൺ.- മുസ്ലീം ലീഗ് നഗരഭരണം നിരാക്ഷേപ പത്രം നൽകിയ കൊടുങ്കാറ്റുയർത്തിയ പണമിടപാടിൽ 2015 വർഷത്തിൽ തെറിച്ചു പോയത് ലീഗിലെ ഹസീന താജുദ്ദീന്റെ അധ്യക്ഷ പദവിയാണ്. പകരം അന്ന് എൽജെഡിയിലെ കെ. ദിവ്യ അധ്യക്ഷ പദവിയിലെത്തുകയും ചെയ്തു.

അന്ന് നഗരസഭ വൈസ് ചെയർമാനായ കോൺഗ്രസ്സിലെ പ്രഭാകരൻ വാഴുന്നോറൊടിയോട് പദവി രാജിവെക്കാൻ കെപിസിസി നേതൃത്വം  ആവശ്യപ്പെട്ടുവെങ്കിലും, ആ നഗരഭരണം കാലാവധി തികയ്ക്കുന്നതുവരെ പാർട്ടി നേതൃത്വത്തെ ധിക്കരിച്ച് പ്രഭാകരൻ വൈസ് ചെയർപദവിയിൽ തുടരുകയും, പാർട്ടി അദ്ദേഹത്തെ  പുറത്താക്കുകയും ചെയ്തതിനാൽ, 2015-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പ്രഭാകരന് സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് പ്രഭാകരൻ  വാർഡ് 14-ൽ സ്വതന്ത്രനായി മൽസരിച്ച് പരാജയപ്പെട്ടത്. പ്രഭാകരൻ ഇത്തവണ നഗരത്തിലെ ഏതെങ്കിലുമൊരു വാർഡിൽ കളത്തിലിറങ്ങും.

മുസ്ലീം ലീഗിലെ കൗൺസിലർ ഖദീജ ഹമീദ് ഇത്തവണ നാലാം തവണയും ലീഗ് ടിക്കറ്റിൽ മൽസരിക്കുന്നതിനോട് പാർട്ടിയിൽ വിയോജിപ്പുമായി രംഗത്തു വന്നിട്ടുള്ളത് ഹസീന താജുദ്ദീനാണ്. ഒരാൾക്ക് 4-ാം തവണയും മൽസരിക്കാൻ അവസരം നൽകുന്നതിനെയാണ് ഹസീനയുടെ പ്രതിഷേധം.

ഹസീന കഴിഞ്ഞ തവണ പരാജയപ്പെട്ട ആവിക്കര കടിക്കാൽ വാർഡിൽ ഇത്തവണ സ്വതന്ത്ര കൗൺസിലർ എച്ച്. റംഷീദ് യുഡിഎഫ് സ്ഥാനാർത്ഥിയായി മൽസരിക്കും. കോൺഗ്രസ്സിലെ ടി. കുഞ്ഞികൃഷ്ണൻ പടന്നക്കാട് വാർഡിലും, മുൻ നഗരസഭ ചെയർമാൻ വി. ഗോപി മാതോത്ത് വാർഡ് 17-ലും മൽസരിക്കും.

കോൺഗ്രസ്സിലെ എം. കുഞ്ഞികൃഷ്ണൻ മുത്തപ്പൻതറ വാർഡിലും, കെപിസിസി സിക്രട്ടറി എം. ഹസിനാർ പടന്നക്കാട് പ്രദേശത്തെ ഒരു വാർഡിലും രംഗത്തുണ്ടാകും. ഹസീനയും, പ്രഭാകരനും മദ്യശാലയ്ക്ക് നിരാക്ഷേപ പത്രം കൊടുക്കുമ്പോൾ, എം. ഹസിനാർ കോൺഗ്രസ്സ് ഹൊസ്ദുർഗ് ബ്ലോക്ക് പ്രസിഡണ്ടായിരുന്നു.

കോൺഗ്രസ്സിലെ മുൻ കൗൺസിലർ അനിൽ വാഴുന്നോറൊടിയും ഇത്തവണ കളത്തിലിറങ്ങും. എം. അസിനാറും, ടി. കുഞ്ഞികൃഷ്ണനും, നിലവിലുള്ള വൈസ് ചെയർപേഴ്സൺ എൽ. സുലേഖയുടെ ഇത്തവണത്തെ പുരുഷ വാർഡിലാണ് കണ്ണുവെച്ചിട്ടുള്ളത്.

കൗൺസിലർ ലീഗിലെ അബ്ദുൾ റസാഖ് തായലക്കണ്ടി സ്വന്തം വാർഡിൽ ഭാര്യയെ ഇറക്കും. എച്ച്. റംഷീദിന്റെ വാർഡ് 14-ൽ മുൻ വൈസ് ചാൻസിലർ ഖാദർമാങ്ങാടിന്റെ ഭാര്യയായിരിക്കും യുഡിഎഫ് ഔദ്യോഗിക സ്ഥാനാർത്ഥി.

നെഹ്റു കോളേജിൽ അധ്യാപികയാണ് ഈ സ്ത്രീ.   ഈ വാർഡിൽ മുൻ കൗൺസിലർ പി. ശോഭയ്ക്കും കണ്ണുണ്ട്. ഹൊസ്ദുർഗ്ഗ്  അർബ്ബൻ ബാങ്ക് സിക്രട്ടറിയായ ശോഭ, കഴിഞ്ഞ 5 വർഷം പാർട്ടിയിലുണ്ടായിരുന്നില്ലെന്ന് കോൺഗ്രസ്സ് പ്രവർത്തകർ അടക്കം പറയുന്നുണ്ട്.

നെല്ലിക്കാട് വാർഡിൽ മുൻ വൈസ് ചെയർപേഴ്സൺ സി. ശ്യാമളയും, കോൺഗ്രസ്സിലെ റിട്ട. കൃഷി വകുപ്പുദ്യോഗസ്ഥൻ പുരുഷോത്തമൻ,  ഹൊസ്ദുർഗ്ഗ് സഹകരണ സ്റ്റോർ ജീവനക്കാരൻ അശോകൻ എന്നിവരും താൽപ്പര്യപ്പെട്ടിട്ടുണ്ട്.

ആറങ്ങാടി നിലാങ്കര വാർഡിൽ മുൻ കൗൺസിലർ ലീഗിലെ ടി. റംസാനും,  ബഷീർ ആറങ്ങാടിയും കണ്ണു വെച്ചിട്ടുണ്ട്. ബഷീർ വെള്ളിക്കോത്തും, എം. പി. ജാഫറും ബഷീറിനെ ഈ വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയാക്കാൻ കച്ചകെട്ടിയെങ്കിലും, ലീഗിലെ ടി. റംസാൻ വാർഡിലിറങ്ങി ഇതിനകം പണി തുടങ്ങുകയും ചെയ്തു.

ആറങ്ങാടി ലീഗിൽ രണ്ട് ഗ്രൂപ്പുകൾ ശക്തമാണ്. ലീഗിലെ കെ. കെ. ഇസ്മായിലും നിലാങ്കര വാർഡിൽ മൽസരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അന്തരിച്ച മെട്രോ മുഹമ്മദ് ഹാജിയുടെ വലംകൈയ്യായിരുന്ന കെ. കെ. ഇസ്മായിൽ ഹൊസ്ദുർഗ് സഹകരണ ബാങ്ക് ഡയറക്ടറാണ്.

ബിജെപി  കൗൺസിലർ  സുകന്യയുടെ വാർഡിൽ ബിജെപി കൗൺസിലർ എച്ച്. ആർ. ശ്രീധറിന്റെ ഭാര്യയെ കളത്തിലിറക്കും. മൂന്ന് തവണ കൗൺസിലറായ എച്ച്. ആർ. ശ്രീധർ ഇത്തവണ മൽസരത്തിനില്ലെന്ന് പാർട്ടി നേതൃത്വത്തെ  അറിയിച്ചിട്ടുണ്ട്. ഇത്തവണ ശ്രീധറിന് പറ്റിയ വാർഡുമില്ല.

ബിജെപിയിലെ കൗൺസിലർ വൽസലൻ അരയി ഇത്തവണ എൻജിഒ ക്വാർട്ടേഴ്സ് വാർഡിൽ ജനവിധി തേടും. 2010-ൽ ഈ വാർഡിൽ നിന്നാണ് വൽസലൻ വിജയിച്ചത്. വൽസലന്റെ സിറ്റിംഗ് വാർഡ് അരയി പാലക്കാൽ ഇത്തവണ വനിത വാർഡാണ്.

സിപിഎമ്മിന്റെ പ്രസ്റ്റീജ് വാർഡായ  ഐങ്ങോത്ത് 26-ാം സംവരണ വാർഡിൽ കോൺഗ്രസ്സിലെ കെ. പി മോഹനൻ മൽസരിക്കും. ഈ വാർഡിന്റെ  യുഡിഎഫ് ചുമതല ഇത്തവണ കെ. പി. മോഹനനാണ്. ഐങ്ങോത്ത് വാർഡിൽ പറ്റിയ ഒരു സ്ഥാനാർത്ഥിയെ തേടുകയാണ് സിപിഎം.

LatestDaily

Read Previous

ഫാഷന്‍ ഗോള്‍ഡ്: പയ്യന്നൂരില്‍ വീണ്ടും കേസ്സുകൾ

Read Next

നാളെ നബിദിനം ആഘോഷങ്ങളും റാലികളുമില്