ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കോഴിക്കോട്: പന്തീരാങ്കാവ് യു.എ.പി.എ കേസിൽ ജാമ്യത്തിൽ കഴിയുന്ന അലൻ ഷുഹൈബ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായി പൊലീസ്. പന്നിയങ്കര എസ്എച്ച്ഒയാണ് എൻഐഎ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. കണ്ണൂർ പാലയാട് ലോ കോളേജ് കാമ്പസിൽ വച്ച് മർദ്ദിച്ചെന്ന എസ്എഫ്ഐയുടെ പരാതിയിലാണ് കേസെടുത്തത്. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്. അലൻ ജാമ്യവ്യവസ്ഥകൾ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ പന്നിയങ്കര പൊലീസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.
കണ്ണൂർ സർവകലാശാല പാലയോട് കാമ്പസിലെ നാലാം വർഷ എൽഎൽബി വിദ്യാർത്ഥിയാണ് അലൻ ഷുഹൈബ്. എൽഎൽബി ഒന്നാം വർഷ വിദ്യാർത്ഥിയായ അഥിൻ്റെ നേതൃത്വത്തിലുള്ള എസ്എഫ്ഐ പ്രവർത്തകർ രണ്ടാം വർഷ വിദ്യാർത്ഥിയായ ബദറുദ്ദീനെ മർദ്ദിച്ചുവെന്നാരോപിച്ചാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.
മർദ്ദിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് അലന്‍റെ നേതൃത്വത്തിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ കാമ്പസിൽ പ്രതിഷേധം നടത്തി. തൊട്ടുപിന്നാലെ അലൻ ഷുഹൈബും ബദറുദ്ദീനും ചേർന്ന് തന്നെ മർദ്ദിച്ചുവെന്ന് കാണിച്ച് അഥിൻ പൊലീസിൽ പരാതി നൽകി. തങ്ങളെ റാഗ് ചെയ്തെന്നാരോപിച്ച് കോളേജ് പ്രിൻസിപ്പലിനും പരാതി നൽകിയിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത അലനെ മർദ്ദനക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു.