ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: നെടുമങ്ങാട് സുനിത വധക്കേസിൽ നിർണായക ഉത്തരവുമായി തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി. സുനിതയുടെ മക്കളുടെ ഡിഎൻഎ പരിശോധനയ്ക്ക് കോടതി ഉത്തരവിട്ടു. സുനിത വധക്കേസിലെ വിചാരണയ്ക്കിടെ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ പുറത്തുവന്നതിന് പിന്നാലെയാണ് കോടതിയുടെ ഇടപെടൽ. 2013 ഓഗസ്റ്റ് മൂന്നിനാണ് വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് സുനിതയുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയത്.
സുനിതയെ ഭർത്താവ് ജോയ് ആന്റണി ചുട്ടുകൊന്ന ശേഷം പല കഷണങ്ങളായി മുറിച്ച് സെപ്റ്റിക് ടാങ്കിൽ ഇട്ടതായി പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.സുനിതയുടെ ശരീരഭാഗങ്ങളിൽ നിന്ന് ശേഖരിച്ച ഡിഎൻഎ ഫലങ്ങൾ മക്കളുടെ ഡിഎൻഎയുമായി താരതമ്യപ്പെടുത്തിയുള്ള റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചില്ല. സുനിതയാണ് കൊല്ലപ്പെട്ടതെന്ന് തെളിയിക്കുന്ന രേഖയില്ലെന്ന് പ്രതിഭാഗം വാദിച്ചു.
ഇതേതുടർന്ന് സുനിതയുടെ മക്കളുടെ ഡിഎൻഎ പരിശോധന വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. പ്രതിഭാഗത്തിന്റെ ശക്തമായ എതിർപ്പ് തള്ളിയാണ് കോടതി ഡിഎൻഎ പരിശോധനയ്ക്ക് ഉത്തരവിട്ടത്. സുനിതയുടെ കുട്ടികളുടെ ഡിഎൻഎ പരിശോധന ബുധനാഴ്ച നടക്കും.