ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കോഴിക്കോട്: യൂത്ത് കോൺഗ്രസ് സംവാദ പരിപാടിയിൽ ശശി തരൂരിനെ പങ്കെടുപ്പിക്കുന്നതിനെ കെപിസിസി നേതൃത്വം തടഞ്ഞുവെന്ന വാദം തള്ളി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ശശി തരൂർ എംപിയെ തടഞ്ഞു എന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയ എതിരാളികളുടെ വ്യാജ പ്രചാരണങ്ങളെ കോൺഗ്രസ് പ്രവർത്തകർ അവജ്ഞയോടെ തള്ളക്കളയണമെന്നും കെ. സുധാകരൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
“യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും’ എന്ന സംവാദ പരിപാടിയിൽ നിന്നും കെപിസിസി നേതൃത്വം ഡോ. ശശി തരൂർ എംപിയെ തടഞ്ഞു എന്ന വാർത്ത അടിസ്ഥാനരഹിതമാണ്. യൂത്ത് കോൺഗ്രസ് എന്നത് സമര പാരമ്പര്യം പേറുന്ന ജനാധിപത്യ സംഘടനയാണ്. പലപ്പോഴും മാതൃസംഘടനയെ തിരുത്തിയും, കലഹിച്ചും ചരിത്രത്തിൽ ഇടംപിടിച്ച യൂത്ത് കോൺഗ്രസിനെ ഇത്തരത്തിൽ ഒരു പരിപാടിയിൽ നിന്ന് വിലക്കാൻ കെപിസിസി ശ്രമിക്കില്ല.
ശ്രീ. ശശി തരൂർ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമുന്നതനായ നേതാവാണെന്നത് തർക്കമില്ലാത്ത കാര്യമാണ്. അദ്ദേഹത്തിന് കേരളത്തിൽ എവിടെയും രാഷ്ട്രീയ പരിപാടികൾ നൽകാൻ കെപിസിസി നേതൃത്വം പൂർണ്ണമനസ്സോടെ തയ്യാറാണ്. രാഷ്ട്രീയ എതിരാളികളുടെ വ്യാജ പ്രചാരണങ്ങളെ പ്രിയപ്പെട്ട കോൺഗ്രസ് പ്രവർത്തകർ അവജ്ഞയോടെ തള്ളിക്കളയണം”, സുധാകരൻ കുറിച്ചു.