തരൂരിന് വിലക്ക്? തരൂർ പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് പിന്മാറി യൂത്ത് കോൺഗ്രസ്

കോഴിക്കോട്: ശശി തരൂരിനെ പങ്കെടുപ്പിച്ചുള്ള സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറി. തരൂരിനെ പങ്കെടുപ്പിച്ച് കോഴിക്കോട്ട് പരിപാടി നടത്തേണ്ടെന്ന് ഉന്നത നേതാക്കൾ നിർദേശം നൽകി. ‘സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും’ എന്നതായിരുന്നു വിഷയം. കോൺഗ്രസ് അനുകൂല സാംസ്കാരിക സംഘടന സെമിനാർ നടത്തിപ്പ് ഏറ്റെടുത്തു.

കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ മത്സരിച്ച് കോളിളക്കം സൃഷ്ടിച്ച ശശി തരൂർ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമായി മലബാറിൽ പര്യടനം നടത്തുകയാണ്. 14 ജില്ലകളിലും പരിപാടികൾക്ക് തുടക്കം കുറിക്കുന്നതിനുള്ള ആദ്യപടിയാണ് മലബാർ യാത്ര.

വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ശശി തരൂർ ശനിയാഴ്ച രാത്രി കോഴിക്കോട്ടെത്തും. ‘സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും’ എന്ന വിഷയത്തിൽ തരൂർ സെമിനാറിൽ പങ്കെടുക്കാനിരിക്കെയാണ് യൂത്ത് കോൺഗ്രസ് സെമിനാർ നടത്തുന്നതിൽ നിന്ന് പിൻമാറിയത്. ശശി തരൂർ നടത്തുന്ന സമാന്തര പരിപാടിയിൽ സഹകരിക്കേണ്ടതില്ല എന്ന തരത്തിൽ മുതിർന്ന നേതാക്കളുടെ ഭാഗത്തുനിന്ന് വിലക്കുണ്ടെന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ അനൗദ്യോഗികമായി ചൂണ്ടിക്കാണിക്കുന്നത്. യൂത്ത് കോൺഗ്രസിന്‍റെയും ഡി.സി.സിയുടെയും നേതൃത്വത്തിൽ കണ്ണൂരിൽ ഇത്തരത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടിയിൽ നിന്ന് ഇരുവരും പിൻമാറിയതായും വിവരമുണ്ട്.

K editor

Read Previous

ഒമര്‍ ലുലു ചിത്രം ‘നല്ല സമയ’ത്തിന്റെ ട്രെയിലർ പുറത്ത്

Read Next

രാജ്യത്തെ പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണറായി അരുണ്‍ ഗോയൽ