ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട്: പൊതുചടങ്ങിൽ ഇന്ന് സിപിഎം പാർട്ടി അംഗത്വം ഏറ്റുവാങ്ങുന്ന അഭിഭാഷകൻ കാഞ്ഞങ്ങാട്ടെ സി.കെ. ശ്രീധരനൊപ്പം അഭിഭാഷകനായ ദിലീഷ്കുമാറും സിപിഎമ്മിൽ ചേരും. പുതുക്കൈ സ്വദേശിയായ ദിലീഷ്കുമാർ നിലവിൽ തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന ബിഡിജെഎസ് പാർട്ടി അംഗമാണ്.
കഴിഞ്ഞ 21 വർഷക്കാലമായി ഹോസ്ദുർഗ് ബാറിൽ അഭിഭാഷകവൃത്തി ചെയ്യുന്ന ദിലീഷ്കുമാർ സിവിൽ-ക്രിമിനൽ കേസ്സുകൾ കൈകാര്യം ചെയ്തുവരുന്ന അഭിഭാഷകനാണ്. എട്ടു വർഷത്തിലധികമായി ബിഡിജെഎസിൽ പ്രവർത്തിച്ചുവെങ്കിലും, ആ പാർട്ടിക്ക് കേരളത്തിൽ ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ലെന്നും, ഇനി സാധിക്കുമെന്ന് തോന്നുന്നില്ലെന്നും അഡ്വ. ദിലീഷ്കുമാർ ലേറ്റസ്റ്റിനോട് പറഞ്ഞു.
ഹോസ്ദുർഗ് ടൗൺ സ്ക്വയറിൽ ഇന്ന് 4 മണിക്ക് ചേരുന്ന സിപിഎം പൊതുയോഗത്തിൽ അഡ്വ. സി.കെ. ശ്രീധരനൊപ്പം ദിലീഷ്കുമാറും, പങ്കെടുത്ത് സിപിഎമ്മിനോടുള്ള കൂറ് പ്രഖ്യാപിക്കുമെന്ന് ദിലീഷ്കുമാർ പറഞ്ഞു. പാർട്ടി സംസ്ഥാന സിക്രട്ടറി എം.വി. ഗോവിന്ദൻ കാഞ്ഞങ്ങാട്ടെ പൊതു ചടങ്ങിൽ സി.കെ. ശ്രീധരന് പാർട്ടി അംഗത്വം നൽകും.
അഡ്വ. ദിലീഷ്കുമാർ അല്ലാതെ കോൺഗ്രസ് പ്രവർത്തകരായി മറ്റാരും ശ്രീധരൻ വക്കീലിനൊപ്പം ഇന്ന് സിപിഎമ്മിൽ ചേരില്ലെന്നാണ് വിവരം. മുതിർന്ന അഭിഭാഷകനും കോൺഗ്രസിന്റെ ജില്ലയിലെ മുതിർന്ന നേതാവുമായ സി.കെ. ശ്രീധരൻ കോൺഗ്രസ് ബന്ധമുപേക്ഷിച്ച് ഇന്ന് സിപിഎമ്മിൽ ചേരും.
സിപിഎം സംസ്ഥാന സിക്രട്ടറി എം. വി. ഗേവിന്ദൻ സി.കെ. ശ്രീധരനെ പാർട്ടിയിലേക്ക് രക്തഹാരമണിയിച്ച് സ്വീകരിക്കും. സി.കെ. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സി.കെ. ശ്രീധരൻ കെ.പിസിസി വൈസ് പ്രസിഡണ്ട്, കാസർകോട് ജില്ലാ ഡിസിസി പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ച വ്യക്തിയാണ്.
കെ.പിസിസി പുന: സംഘടനയിൽ മൂലയ്ക്കിരുത്തിയതിനെ തുടർന്ന് സി.കെ. ശ്രീധരൻ അസന്തുഷ്ടനായിരുന്നു. ഈ അസംതൃപ്തിയാണ് അദ്ദേഹത്തിന് സിപിഎമ്മിലേക്കുള്ള വഴി തുറന്നത്. സിപിഎമ്മിലേക്ക് ചേരുന്ന സി.കെ. ശ്രീധരന് പാർട്ടിയിൽ എന്ത് സ്ഥാനം ലഭിക്കുമെന്ന് വ്യക്തമായിട്ടില്ല. സിപിഎമ്മിന്റെ സംഘടനാ രീതി പ്രകാരം ഉടൻ തന്നെ അദ്ദേഹത്തിന് പാർട്ടിയിൽ അംഗത്വം ലഭിക്കാൻ സാധ്യതയില്ലെങ്കിലും, പ്രത്യേക പരിഗണന നൽകി അദ്ദേഹത്തിന് പാർട്ടി അംഗത്വം നൽകുമെന്നാണ് കരുതുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചീമേനിയിൽ 5 സിപിഎം പ്രവർത്തകരെ കോൺഗ്രസ് പ്രവർത്തകർ ചുട്ടുകൊന്നതടക്കം നിരവധി കേസുകൾ അദ്ദേഹം പാർട്ടിക്ക് വേണ്ടി വാദിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ ആജന്മ ശത്രുവായിരുന്ന ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസിൽ വാദിഭാഗത്തിന് വേണ്ടി വാദിച്ചതും സി.കെ. ശ്രീധരനാണ്.
നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് സി.കെ ശ്രീധരൻ ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും, കെപിസിസി പുന:സംഘടനയിൽ തന്നെ വെട്ടി നിരത്തിയ നേതൃത്വത്തോടുള്ള പ്രതിഷേധമാണ് സി.കെ. ശ്രീധരന്റെ സിപിഎം പ്രവേശനം. അദ്ദഹത്തിന്റെ ആത്മകഥ പുറത്തിറക്കാൻ മാത്രമായി മുഖ്യമന്ത്രി ജില്ലയിലെത്തിയത് മുതൽ സി.കെ. ശ്രീധരന്റെ സിപിഎം പ്രവേശനം ഉറപ്പായിരുന്നു. ഉപാധികളില്ലാതെയാണ് താൻ സിപിഎമ്മിലെത്തിയതെന്ന് സി.കെ. ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും, സിപിഎം നൽകുന്ന സ്ഥാനമാനങ്ങളിൽ കണ്ണുവെച്ചാണ് അദ്ദേഹത്തിന്റെ പാർട്ടി മാറ്റമെന്ന് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്തേക്കോ, മറ്റേതെങ്കിലും പ്രധാനപ്പെട്ട താക്കോൽ സ്ഥാനങ്ങളിലേക്കോ സിപിഎം അദ്ദേഹത്തെ പരിഗണിക്കുമെന്നാണ് അണിയറ സംസാരം. സി.കെ. ശ്രീധരൻ സിപിഎമ്മിലേക്ക് ചേക്കേറിയത് ഡിസിസി നേതൃത്വത്തിന്റെ പിടിപ്പുകേട് മൂലമാണെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആക്ഷേപം.