ടാറ്റ കോവിഡ് ആശുപത്രി ഇന്ന് പ്രവർത്തനം തുടങ്ങും

കാസർകോട് : ടാറ്റ കമ്പനി നിർമ്മിച്ച് നൽകിയ ചട്ടഞ്ചാൽ പുതിയവളപ്പിലെ കോവിഡ‍് പ്രത്യേക ആശുപത്രി ഇന്നു പ്രവർത്തനം തുടങ്ങും. ഒരു ഡോക്ടറുമായാണ് ആശുപത്രി പ്രവർത്തനം തുടങ്ങുന്നത്.

6 സ്റ്റാഫ് നഴ്സ്, ഒരു ഫാർമസിസ്റ്റ്, 4 ശുചീകരണ തൊഴിലാളികൾ തുടങ്ങി മറ്റു ജീവനക്കാരെയും ഡ‍ിഎംഒ നിയമിച്ചു. മറ്റു ആശുപത്രികളിലെ ജീവനക്കാരെ ജോലി ക്രമീകരണം നടത്തിയാണ് ഇവിടെ നിയമിച്ചത്.

‌കാസർകോട് ഗവ. ജനറൽ ആശുപത്രിയിലെ സീനിയർ കൺസൽറ്റന്റ് ഡോ. കുഞ്ഞിരാമനെ നോഡൽ ഓഫിസറായി നിയമിച്ചു. ജനറൽ ആശുപത്രിയുടെ ഭാഗമായുള്ള കോവിഡ് ആശുപത്രിയായിട്ടായിരിക്കും ഇതു പ്രവർത്തിക്കുകയെന്ന് നേരത്തെ മന്ത്രി കെ.കെ.ശൈലജ  വ്യക്തമാക്കിയിരുന്നു.

കോവിഡ് പോസിറ്റീവായി, വീട്ടിൽ ചികിത്സ നടത്താൻ സൗകര്യമില്ലാത്തവരെയായിരിക്കും തുടക്കത്തിൽ ഇവിടെ പ്രവേശിപ്പിക്കുന്നത്. ആദ്യ ദിവസം 25 ൽ താഴെ പേരെയാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. രോഗികളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് ജീവനക്കാരുടെ എണ്ണവും വർധിപ്പിക്കുമെന്ന് ഡിഎംഒ ഡോ. എ.വി. രാംദാസ് പറഞ്ഞു.

ഒരു യൂണിറ്റിൽ 5 വീതം രോഗികൾക്ക് കിടക്കാനുള്ള സൗകര്യമാണുള്ളത്.‌ ടാറ്റ കമ്പനി കൈമാറിയപ്പോഴുണ്ടായിരുന്ന കട്ടിലിൽ കിടക്കയും ബെഡ് ഷീറ്റും സജ്ജീകരിക്കുക മാത്രമാണ് ആശുപത്രിയാക്കുന്നതിന്റെ ഭാഗമായി അധികൃതർ പുതിയതായി ചെയ്തത്.

കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലെ സൗകര്യങ്ങൾ മാത്രമേ ഇപ്പോഴുള്ളൂ. ഗുരുതര രോഗികളെ പ്രവേശിപ്പിക്കാനുള്ള സൗകര്യങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല.

LatestDaily

Read Previous

പാമ്പിൻ മാളത്തിൽ ബോംബ്; പരിശോധിച്ച പോലീസിന് കിട്ടിയത് കൂടോത്ര പാത്രങ്ങൾ

Read Next

കാട്ടിനകത്തെ അനധികൃത മണൽക്കടവ് പോലീസ് തകർത്തു