സ്കൂൾ വിദ്യാർത്ഥികൾക്ക് സിഗരറ്റ് വിൽപ്പന

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : കോട്ടച്ചേരി നവരംഗ് ബാർ ഹോട്ടലിന് സമീപത്തെ കടയിൽ കുട്ടികൾക്കും വിദ്യാർത്ഥികൾക്കും സിഗരറ്റ് വിൽപ്പന നടത്തുന്നതായി ദൃക്സാക്ഷികൾ. നവരംഗ് ബാറിന് പരിസരത്തെ ഹോട്ടലിന് സമീപത്തെ കടയിൽ നിന്നുമാണ് വിദ്യാർത്ഥികൾക്ക് സിഗരറ്റ് വിൽക്കുന്നത്.

പതിനെട്ട് വയസ്സിൽ താഴെയുള്ളവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നത് ശിക്ഷാർഹമാണെങ്കിലും ഇതൊന്നും കണക്കിലെടുക്കാതെയാണ് കടയുടമയുടെ നിയമലംഘനം. യൂണിഫോമിലെത്തുന്ന വിദ്യാർത്ഥികൾക്ക് പോലും കടയിൽ നിന്നും സിഗരറ്റ് വിൽക്കുന്നതായി ദൃക്സാക്ഷികൾ പറയുന്നു. സിഗരറ്റിന് പുറമെ നിരോധിത പുകയില ഉൽപ്പന്നങ്ങളും വിൽപ്പന നടത്തുന്നതായി സംശയമുണ്ട്.

കാഞ്ഞങ്ങാട്ടും പരിസര പ്രദേശങ്ങളിലും കൗമാരപ്രായക്കാർ പൊതുസ്ഥലങ്ങളിൽ സിഗരറ്റ് വലിക്കുന്നത് പതിവ് കാഴ്ചയാണ്. റെയിൽവെ സ്റ്റേഷൻ പരിസരമാണ് ഇവരുടെ ഇടത്താവളം. പുകവലി ശീലത്തിനടിമയായ കുട്ടികളിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളുമുണ്ട്.

സ്കൂൾ വിദ്യാർത്ഥിനികളടക്കം പുകവലി ശീലമാക്കിയിട്ടുണ്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു. കാഞ്ഞങ്ങാട് ടൗൺ മയക്കുമരുന്ന് മാഫിയയുടെ പറുദീസയായിത്തീർന്നിട്ട് കാലമേറയായിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടക്കുന്ന ക്ലീൻ കാസർകോട് ഓപ്പറേഷന്റെ ഭാഗമായി നടക്കുന്ന പോലീസ് പരിശോധനകൾ ലഹരിമാഫിയയെ ഒതുക്കിയിട്ടുണ്ടെങ്കിലും ഒളിഞ്ഞും തെളിഞ്ഞുമുള്ള ലഹരി വ്യാപാരം കാഞ്ഞങ്ങാട്ട് ഇപ്പോഴും നടക്കുന്നുണ്ട്.

ഹോസ്ദുർഗ്ഗ് പോലീസ് സ്റ്റേഷന്റെ വിളിപ്പാടകലെയുള്ള കട കേന്ദ്രീകരിച്ചാണ് സ്കൂൾ വിദ്യാർത്ഥികൾക്ക് സിഗരറ്റ് വിൽക്കുന്നത്. നിയമ വിരുദ്ധമായി സ്കൂൾ വിദ്യാർത്ഥികൾക്ക് സിഗരറ്റ് വിൽക്കുന്ന കടയുടമയ്ക്കെതിരെ നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. പുകവലി ശീലിച്ചു കഴിഞ്ഞാൽ അടുത്ത ഘട്ടം, കഞ്ചാവ്, എംഡിഎംഎ മുതലായ ലഹരി വസ്തുക്കളുടെ ഉപയോഗമായതിനാൽ ലഹരി വിപത്തിൽ നിന്നും  കുട്ടികളെ രക്ഷിക്കാൻ പോലീസിന്റെ അടിയന്തര നടപടിയുണ്ടാകണമെന്നാണ് നാട്ടുകാർ പറയുന്നത്.

LatestDaily

Read Previous

കരട് ഡേറ്റ സംരക്ഷണ ബിൽ-2022 പുറത്തുവിട്ട് കേന്ദ്രം: പിഴ 500 കോടി രൂപ വരെ

Read Next

യുവാവിനെ കാണാതായി