വിനോദ് ഒളിവിൽ, 28 വരെ അറസ്റ്റ് പാടില്ല

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട് : കുണ്ടംകുഴി ജിബിജി നിക്ഷേപത്തട്ടിപ്പു കമ്പനി ചെയർമാൻ വിനോദ് ഇപ്പോഴും ഒളിവിലാണ്. കണ്ണൂർ ജില്ലയിലെ പൈതൽ മലയിൽ  ജിബിജിയുടെ പണം മുടക്കി റിസോർട്ട് പണിയുന്ന വിനോദ് പൈതൽമലയിൽ ആദ്യം വശത്താക്കിയത് കൈരളി ടിവി എംഡി ജോൺ ബ്രിട്ടാസിനെയാണ്.

വിനോദ് തട്ടിപ്പുകാരനാണെന്ന് മനസ്സിലാക്കാതെയാണ് പൈതൽമല റിസോർട്ടിന്റെ നിർമ്മാണോദ്ഘാടനച്ചടങ്ങിൽ രാജ്യസഭാ എംപികൂടിയായ ജോൺ ബ്രിട്ടാസ് സംബന്ധിച്ചത്. ചതി, വിശ്വാസ വഞ്ചന കുറ്റകൃത്യങ്ങൾ  ചുമത്തിയാണ് ജിബിജി തട്ടിപ്പുകമ്പനിയുടെ ചെയർമാനായ വിനോദിന്റെ പേരിൽ ബേഡകം പോലീസ് കേസ്സ് റജിസ്റ്റർ ചെയ്തത്.

അറസ്റ്റ് ചെയ്യപ്പെട്ടാൽ കീഴ്്ക്കോടതിക്ക് ജാമ്യം നൽകാൻ കഴിയാത്ത കേസ്സായതിനാൽ അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ വിനോദ് കേരള ഹൈക്കോടതിയിൽ ബോധിപ്പിച്ച മുൻകൂർ ജാമ്യഹരജി കോടതി നവംബർ 28-ലേക്ക് മാറ്റിവെച്ചു. 28-ന് ഹരജിയിൽ തീർപ്പുണ്ടാക്കുന്നതുവരെ  പ്രതി വിനോദിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

പ്രമാദമായ ഫാഷൻ ഗോൾഡ് തട്ടിപ്പിന് ശേഷം കേരളം കണ്ട ഏറ്റവും വലിയ നിക്ഷേപത്തട്ടിപ്പാണ് വിനോദ്കുമാർ ജിബിജിയുടെ ലേബലിൽ കാസർകോട് ജില്ലയിൽ നടത്തിയിട്ടുള്ളത്. ആയിരം കോടി രൂപയോളം ഇയാൾ നിക്ഷേപകരിൽ നിന്ന് പിരിച്ചെടുത്തിട്ടുണ്ടെന്നാണ് പോലീസും പറയുന്നത്. ഇതിൽ നല്ലൊരു തുക പൈതൽ മലയിൽ റിസോർട്ട് പണിയാൻ വാങ്ങിയ ഭൂമിക്ക് മുടക്കിയിട്ടുണ്ട്.

മാണിയാട്ട്, കരിവെള്ളൂർ, പെരളം, കാലിക്കടവ്, പയ്യന്നൂർ, തളിപ്പറമ്പ എന്നീ പ്രദേശങ്ങളിൽ നിന്ന് 50 കോടി രൂപയെങ്കിലും, ജിബിജി കമ്പനി ഇടനിലക്കാർ വഴി പിരിച്ചെടുത്തിട്ടുണ്ട്. ചെമ്മനാട്, ഉദുമ, പള്ളിക്കര, ബേഡകം , അജാനൂർ, പുല്ലൂർ തുടങ്ങിയ ഗ്രാമ പഞ്ചായത്തുകളിൽ നിന്ന് വേറെയും പണം ജിബിജി പിരിച്ചെടുത്തിട്ടുണ്ട്.

വൻ പലിശ മോഹിച്ച് തട്ടിപ്പു കമ്പനിയിൽ  പണം നിക്ഷേപിച്ചവർ പലരും  നിക്ഷേപത്തുക തിരിച്ചുപിടിക്കാൻ പണം നൽകിയ  ഇടത്തട്ടുകാരുടെ വീടുകളിലെത്തുന്നുണ്ട്. ജിബിജിയിൽ നിക്ഷേപിച്ച പണം ഇനിയൊരിക്കലും നിക്ഷേപക്കാർക്ക്  തിരിച്ചുകിട്ടുമെന്ന് കരുതുന്നില്ല.

LatestDaily

Read Previous

വാഹനങ്ങളുടെ നിറം മാറ്റിയുള്ള ഫുട്‌ബോള്‍ ആരാധന വേണ്ട; നടപടിയുമായി എം.വി.ഡി

Read Next

ജിബിജിയുടെ 18 അക്കൗണ്ടുകൾ മരവിപ്പിച്ചു