ചരിത്രനേട്ടം: രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് ‘വിക്രം എസ്’ വിക്ഷേപിച്ചു

സ്വകാര്യമേഖലയില്‍ വികസിപ്പിച്ച രാജ്യത്തെ ആദ്യ റോക്കറ്റ് വിക്ഷേപണം വിജയകരമായി പൂർത്തിയായി. സ്‌കൈ റൂട്ട് എന്ന സ്റ്റാര്‍ട്ടപ്പ് വികസിപ്പിച്ചെടുത്ത ‘വിക്രം എസ്’ 3 കുഞ്ഞന്‍ ഉപഗ്രഹങ്ങളുമായാണ് 11.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് കുതിച്ചുയർന്നത്. ഇതോടെ ബഹിരാകാശത്തേക്ക് റോക്കറ്റ് വക്ഷേപിക്കുന്ന രാജ്യത്തെ ആദ്യ സ്വകാര്യകമ്പനിയായി സ്‌കൈ റൂട്ട് മാറി.

‘പ്രാരംഭ്’ എന്ന് പേരിട്ടിരിക്കുന്ന ഹൈദരാബാദ് ആസ്ഥാനമായുള്ള സ്‌കൈ റൂട്ട് എയ്‌റോസ്‌പേസിന്റെ കന്നി ദൗത്യം കൂടിയാണിത്. ചെലവ് കുറഞ്ഞ ഉപഗ്രഹ വിക്ഷേപണവും ബഹിരാകാശ ദൗത്യവുമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ സ്ഥാപകനും ശാസ്ത്രജ്ഞനുമായ വിക്രം സാരാഭായിയോടുള്ള ആദര സൂചകമായാണ് വിക്ഷേപണ വാഹനത്തിന് ‘വിക്രം’ എന്ന് പേരിട്ടിരിക്കുന്നത്. 2020ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയുടെ സ്‌പേസ് ഇന്‍ഡസ്ട്രി സ്വകാര്യ മേഖലക്കായി തുറന്നുകൊടുത്തിരുന്നു.

സ്വകാര്യ റോക്കറ്റിന്റെ വിക്ഷേപണം രാജ്യത്തെ യുവാക്കൾക്കു വലിയ സ്വപ്നങ്ങൾ കാണാനും സാക്ഷാത്കരിക്കാനുമുള്ള പ്രേരണയാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു.

K editor

Read Previous

സബ് ഇൻസ്‌പെക്ടർ നിയമനം: മുഖ്യ പരീക്ഷക്ക്​ സ്​റ്റേ

Read Next

പ്രിയക്കെതിരായ കോടതി വിധിയിൽ അപ്പീൽ നൽകില്ല: റാങ്ക് പട്ടിക പുനഃപരിശോധിക്കുമെന്ന് കണ്ണൂർ വിസി