മുസ്ലിം ലീഗിനെ യുഡിഎഫിൽ നിന്ന് ചാടിക്കാൻ സിപിഎം

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: കെപിസിസി പ്രസിഡണ്ട് കെ. സുധാകരന്റെ ആർഎസ്എസ് അനുകൂല നിലപാടുകളെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ ഗൗരവമായി എടുത്തുവെങ്കിലും, വിഷയത്തിലെ രാഷ്ട്രീയ നേട്ടം വെച്ച് മുസ്ലിം ലീഗിനെ യുഡിഎഫിൽ നിന്ന് പുറത്ത് ചാടിക്കാനാവുമോയെന്നാണ് സിപിഎം നോട്ടം. മുഖ്യമന്ത്രിയുൾപ്പെടെ പ്രമുഖ സിപിഎം നേതാക്കൾ സുധാകരന്റെ പ്രസ്താനക്കെതിരെ രംഗത്തു വന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതാണ്.

ഗവർണ്ണറുടെ നടപടികളിൽ ലീഗിനും ആർഎസ്പിക്കുമുള്ള ഭിന്നസ്വരങ്ങൾ സിപിഎം കാര്യമായി എടുക്കുകയും ഇടതുമുന്നണി നേതൃത്വത്തെ വിഷയം ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഗവർണ്ണറെ കോൺഗ്രസ് പിന്തുണക്കുന്നുണ്ടെങ്കിലും, ആർഎസ്എസ് അജണ്ട നടപ്പിലാക്കാനുള്ള ഗവർണ്ണറുടെ നീക്കങ്ങളെ യുഡിഎഫ് ഘടകകക്ഷിയും എതിർക്കുന്നുണ്ട്. സുധാകരന്റേത് ആർഎസ്എസ് അനുകൂല നിലപാടെന്ന് ശക്തമായ പ്രചാരണം നടത്തി അസംതൃപ്തരായ ലീഗിനെ കൂടുതൽ അസ്വസ്ഥമാക്കാനാണ് സിപിഎം ശ്രമം.

യുഡിഎഫിലെ നിർണ്ണായക ശക്തിയായ ലീഗ് ഐക്യമുന്നണി വിട്ടാൽ അത് ഇടതുമുന്നണിക്ക് വലിയ നേട്ടമാവുമെന്ന പ്രതീക്ഷയാണ് സിപിഎമ്മിനുള്ളത്. സിപിഎം സംസ്ഥാന സിക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന സിപിഎമ്മിന്റെ നോട്ടം വ്യക്തമാക്കുന്നുണ്ട്. ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം നൽകുക എന്ന വെളിപ്പെടുത്തലുമായി വിവാദങ്ങൾക്ക് തുടക്കമിട്ട കെ. സുധാകരൻ പിന്നീട് പറഞ്ഞതെല്ലാം സ്വയം കുടുങ്ങുന്നതായിരുന്നു. ഹൈന്ദവ ഫാസിസ്റ്റുകൾക്ക് പിന്തുണ നൽകുന്ന നിലപാട് തന്റേത് മാത്രമല്ല, ജവഹർലാൽ നെഹ്റുവും ഇതേ നിലപാട് സ്വീകരിച്ചുവെന്ന നിലയിലായിരുന്നു സുധാകരന്റെ പിന്നീടുണ്ടായ പ്രസ്താവന.

നാക്ക് പിഴ എന്നു പറഞ്ഞ് വിഷയം ന്യായീകരിക്കാൻ ശ്രമിച്ചതും സുധാകരന് വിനയായി മാറുകയായിരുന്നു. സുധാകരന്റെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ്സിൽ അതൃപ്തിയുണ്ടായ സാഹചര്യത്തിലാണ് സിപിഎം സംസ്ഥാന സിക്രട്ടറി ലീഗിന്റെ നിലപാട് ചോദിച്ചത്.

ആർഎസ്എസ്സുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകാൻ ശ്രമിക്കുന്ന കോൺഗ്രസ്സിന്റെ മുഖമാണ് കെപിസിസി പ്രസിഡണ്ട് തുറന്നു കാട്ടുന്നതെന്നും ഇപ്രകാരം യുഡിഎഫിൽ തുടരാനാവുമോയെന്ന് ലീഗ് പരിശോധിക്കണമെന്നുമുള്ള എം.വി. ഗോവിന്ദന്റെ വാക്കുകളിൽ സിപിഎമ്മിന്റെ ഉദ്ദേശം വ്യക്തമാണ്.

ലീഗ് ഇടതുമുന്നണിയിൽ എത്തുന്നതിനോട് സിപിഎമ്മിന് നേരത്തെ തന്നെ താൽപ്പര്യമുണ്ട്. അതേസമയം സിപിഐ, ഐഎൻഎൽ തുടങ്ങിയ കക്ഷികൾക്ക് ലീഗിനെ ഇടതുമുന്നണിയിൽ കൊണ്ടുവരുന്നതിനോട് താൽപ്പര്യമില്ല. ഇടതുമുന്നണിയിൽ തങ്ങൾക്കിപ്പോഴുള്ള സ്വാധീനം ലീഗ് വന്നാൽ കുറയുമോയെന്നാണ് സിപിഐ ഭയപ്പെടുന്നതെങ്കിൽ തങ്ങളുടെ നിലനിൽപ്പിന് തന്നെ അത് ഭീഷണിയാവുമെന്ന ആശങ്കയാണ് ഐഎൻഎല്ലിനുള്ളത്.

LatestDaily

Read Previous

ഉദുമ ബാങ്കിൽ സി.കെ. ശ്രീധരനെതിരെ അവിശ്വാസ നീക്കം

Read Next

ഖത്തറിന്റെയും ജനങ്ങളുടെയും കഥ പറയുന്ന ‘ഖത്തർ പ്ലസ്’ പുറത്തിറക്കി