കൊലയാളി ഗണേശനെ തേടി പോലീസ് പഴനിയിലെത്തി

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ചാലിങ്കാൽ നമ്പ്യാരടുക്കം നീലകണ്ഠൻ വധക്കേസ് പ്രതി ഗണേശന് വേണ്ടി അന്വേഷക സംഘം തമിഴ്നാട്ടിലെ പഴനിയിലും പരിസര പ്രദേശങ്ങളിലും തെരച്ചിൽ നടത്തി. തമിഴ്നാട്ടിലേക്ക് അന്വേഷണത്തിന് പോയ സംഘം രണ്ട് ദിവസം മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്.

ആഗസ്ത് 1-ന് പുലർച്ചെയാണ് നമ്പ്യാരടുക്കത്തെ നിർമ്മാണത്തൊഴിലാളി നീലകണ്ഠനെ അദ്ദേഹത്തിന്റെ സഹോദരീ ഭർത്താവായ ഗണേശൻ കഴുത്തറുത്ത് കൊന്നത്. പെയിന്റിംഗ് തൊഴിലാളിയായ ഗണേശൻ നീലകണ്ഠനൊപ്പമാണ് ജോലി ചെയ്തിരുന്നത്. ഭാര്യാ സഹോദരനെ ഉറക്കത്തിൽ കഴുത്ത് വെട്ടി കൊലപ്പെടുത്തിയ ശേഷം ചാലിങ്കാൽ നമ്പ്യാരടുക്കത്ത് നിന്നും രക്ഷപ്പെട്ട ഗണേശന് വേണ്ടി അമ്പലത്തറ പോലീസ് ഇൻസ്പെക്ടർ ടി.കെ. മുകുന്ദന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കർണ്ണാടകയുടെ വിവിധ ഭാഗങ്ങളിൽ തെരച്ചിൽ നടത്തിയിട്ടുണ്ട്.

കൊലക്കേസ് പ്രതി ഗണേശന് വേണ്ടി തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിൽ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ടെങ്കിലും, പ്രതിയെ സംബന്ധിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. അന്വേഷക സംഘത്തെ വട്ടംകറക്കി കാണാമറയത്ത് ഒളിച്ചിരിക്കുന്ന ഗണേശന് വേണ്ടി അമ്പലത്തറ പോലീസ് ഊർജ്ജിതമായി തെരച്ചിൽ തുടരുകയാണ്.

ഗണേശൻ വേഷപ്രച്ഛന്നനായി ഒളിവിൽ കഴിയാനാണ് സാധ്യതയെന്ന് പോലീസ് വിലയിരുത്തുന്നു. തമിഴ്നാട് പഴനി ദണ്ഡായുധ പാണി ക്ഷേത്ര പരിസരങ്ങൾ കേന്ദ്രീകരിച്ച് അമ്പലത്തറ പോലീസ് വ്യാപകമായി തെരച്ചിൽ നടത്തിയതിന് പുറമെ പരിസര പ്രദേശങ്ങളിലും പരിശോധന നടത്തിയിരുന്നു.

ഗണേശന്റെ ബന്ധുവീടുകളിൽ അമ്പലത്തറ പോലീസ് ഒന്നിലധികം തവണ ഗണേശനെ തേടിയെത്തിയിരുന്നു. ബംഗളൂരു സ്വദേശിയായ ഗണേശൻ പോലീസിന്റെ കണ്ണുവെട്ടിക്കാൻ വിവിധ സ്ഥലങ്ങളിൽ മാറി മാറി സഞ്ചരിക്കുകയാണെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

LatestDaily

Read Previous

കേരളത്തിൽ കുപ്പിവെള്ളം വിറ്റ്  ഇതര സംസ്ഥാനങ്ങൾ നേടുന്നത് 230 കോടി

Read Next

ബഹ്‌റൈനില്‍ കുഴഞ്ഞു വീണു മരിച്ചു