ഗുജറാത്ത് തിരഞ്ഞെടുപ്പ്; എഎപി നേതാവ് സ്ഥാനാർഥിത്വം പിൻവലിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയെയും കുടുംബത്തെയും ബിജെപി തട്ടിക്കൊണ്ടുപോയെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചതിന് തൊട്ടുപിന്നാലെ സൂറത്ത് ഈസ്റ്റിൽ നിന്നുള്ള ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി കഞ്ചൻ ജാരിവാല തിരിച്ചെത്തി. സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻമാറുന്നുവെന്ന കാഞ്ചൻ ജരിവാലയുടെ പ്രഖ്യാപനം ആം ആദ്മി പാർട്ടിക്ക് തിരിച്ചടിയായിരിക്കുകയാണ്. കഞ്ചൻ ജരിവാലയുടെ പിൻമാറ്റം ബിജെപിയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന് എഎപി ആരോപിച്ചു.

ഇന്നലെ മുതൽ ജരിവാലയെ കാണാനില്ലെന്നും പരാജയഭീതി മൂലമാണ് ബിജെപി സ്ഥാനാർത്ഥിയെ തട്ടിക്കൊണ്ടുപോയതെന്നും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചതിന് പിന്നാലെയാണ് കഞ്ചൻ ജരിവാലയുടെ മടങ്ങിവരവ്. നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ കഞ്ചൻ ജരിവാലയിൽ ബിജെപി സമ്മർദ്ദം ചെലുത്തിയെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം നാമനിർദേശ പത്രിക സ്വീകരിച്ചതിന് ശേഷമാണ് ബിജെപി സ്ഥാനാർത്ഥിയെ തട്ടിക്കൊണ്ടുപോയതെന്നും സിസോദിയ ആരോപിച്ചു.

എഎപി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ബിജെപി ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണെന്ന് എഎപി ദേശീയ വക്താവും രാജ്യസഭാംഗവുമായ രാഘവ് ഛദ്ദയും ആരോപിച്ചിരുന്നു. ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികളെ ബിജെപി വ്യാപകമായി തട്ടിക്കൊണ്ടുപോകുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് രാഘവ് ഛദ്ദ ആരോപിച്ചു.

K editor

Read Previous

നെടുങ്കണ്ടം കസ്റ്റഡിമരണം; മുന്‍ ഡിവൈ.എസ്.പിയെ പ്രതിചേര്‍ത്ത് കുറ്റപത്രം

Read Next

രാജസ്ഥാൻ കോൺഗ്രസിൽ വിള്ളൽ; സംസ്ഥാന ചുമതലയില്‍ നിന്ന് അജയ് മാക്കന്‍ രാജിവച്ചു