കാഞ്ഞങ്ങാട്ട് യുഡിഎഫ് 23 വാർഡുകൾ ഉറപ്പിച്ചു

കാഞ്ഞങ്ങാട്:  നഷ്ടപ്പെട്ട നഗരഭരണം ഇത്തവണ തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിലാണ് കാഞ്ഞങ്ങാട്ട് യുഡിഎഫ്. നഗരഭരണത്തിൽ യുഡിഎഫിലെ പ്രബല കക്ഷിയായ മുസ്ലീം ലീഗിന്റെ കണക്കു കൂട്ടലനുസരിച്ച്  23 വാർഡുകൾ പിടിച്ചെടുക്കാനുള്ള തീവ്ര ശ്രമങ്ങൾ നടന്നു വരുന്നു. നഗരസഭയിൽ മൊത്തം വാർഡുകൾ – 43. മുസ്ലീം ലീഗിന്റെ   എക്കാലത്തെയും ഉറച്ച സീറ്റുകൾ- 11 ആണ്. കഴിഞ്ഞ തവണ കളഞ്ഞുപോയ 4 വാർഡുകൾ ഇത്തവണ തിരിച്ചു പിടിക്കാനുള്ള തന്ത്രങ്ങൾ ഇതിനകം ലീഗ് മെനഞ്ഞു കഴിഞ്ഞു.

ഈ നാലു വാർഡുകളിൽ മർമ്മപ്രധാനമായ ഒന്ന് വാർഡ് – 12 കൂളിയങ്കാലാണ്. ഐഎൻഎൽ സ്ഥാനാർത്ഥി ലതയാണ് ഈ വാർഡിൽ നിലവിലുള്ള ജനപ്രതിനിധി. ലീഗ് കണ്ണു വെച്ചിട്ടുള്ള മറ്റൊരു വാർഡ് – 18  നിലാങ്കരയാണ്.സിപിഎമ്മിലെ മീരടീച്ചറാണ് നിലവിൽ പ്രതിനിധി. മെഹ്മൂദ് മുറിയനാവി കഴിഞ്ഞ തവണ ജീവൻ മരണപ്പോരാട്ടം നടത്തി സ്വന്തം മാതുലൻ ലീഗിലെ ഖാലിദ് വക്കീലിനെ മലർത്തിയടിച്ച്  പിടിച്ചെടുക്കുകയും, ഇടതു മുന്നണിക്ക് സമ്മാനിക്കുകയും ചെയ്ത 37-ാം വാർഡിൽ ഇത്തവണ വനിതയെ നിർത്തി പിടിച്ചെടുക്കുക തന്നെ ചെയ്യുമെന്ന് ലീഗിന് വാശിയാണ്.

കഴിഞ്ഞ തവണ നറുക്കെടുപ്പിൽ സിപിഎമ്മിലെ സന്തോഷിനെ ഭാഗ്യം കൊണ്ട് അനുഗ്രഹിക്കുകയും,  ലീഗിലെ എസ്ടിയു പ്രാദേശിക നേതാവ് കരീം കുശാൽ നഗർ പരാജയപ്പെടുകയും, ചെയ്ത കുശാൽനഗർ വാർഡ് ഇത്തവണ ലീഗ് ഇപ്പോൾ തന്നെ ഏതാണ്ട് ഉറപ്പിച്ച മട്ടിലാണ്. 11 ഉറച്ച സീറ്റുകൾക്കൊപ്പം 12, 18, 37, 39 നാലു വാർഡുകൾ കൂടിച്ചേർത്താൽ മൊത്തം 15 വാർഡുകൾ നിഷ്പ്രയാസം പിടിക്കാൻ കഴിയുമെന്ന് മുൻസിപ്പൽ മുസ്ലീം ലീഗ് ഓഫീസിലെ കമ്പ്യൂട്ടറിൽ ലീഗ് സേവ് ചെയ്തു വെച്ചു കഴിഞ്ഞു.

പുറമെ, കോൺഗ്രസ്സ് 8 വാർഡുകൾ ഇത്തവണ പിടിച്ചെടുക്കുമെന്ന് കണക്കു കൂട്ടിയത് ലീഗാണ്. ഇവയിൽ ഒന്ന് കരുവളം വാർഡ് 31 ആണ്. നഗരസഭ വൈസ് ചെയർപേഴ്സൺ എൽ. സുലൈഖയുടെ വാർഡിൽ ഇത്തവണ  കോൺഗ്രസ്സ് പുരുഷനെ നിർത്തി വിജയിപ്പിക്കും. കാഞ്ഞങ്ങാട് സൗത്ത് ജിഎച്ച്എസ്എസ് വാർഡ് 19 നിലവിൽ സിപിഎമ്മിലെ പ്രവാസി ഉണ്ണികൃഷ്ണനാണ്. ഇത്തവണ വനിതയെ വിജയിപ്പിക്കുമെന്ന് കോൺഗ്രസ്സ് കണക്കു കൂട്ടുന്നു.

വാർഡ് -8 മേലടുക്കം നിലവിൽ സിപിഎമ്മിലെ ലതയാണ്. ഇക്കുറി പുരുഷനെ വിജയിപ്പിക്കുമെന്ന് കോൺഗ്രസ്സ് അവകാശപ്പെടുന്നു. നഗരത്തിന്റെ തെക്കൻ തീരദേശത്തുള്ള വാർഡ് -28 മരക്കാപ്പ് നിലവിൽ കോൺഗ്രസ്സിലെ എം. എം. നാരായണൻ. വാർഡ് -29 അനന്തംപള്ള നിലവിൽ കോൺഗ്രസ്സിലെ ഷൈജ. വാർഡ് -30 നിലവിൽ കോൺഗ്രസ്സിലെ സുമതി.

ഈ മൂന്ന് വാർഡുകൾക്ക് പുറമെ മാതോത്ത് വാർഡ് – 17 നിലവിൽ സിപിഎമ്മിലെ ഉഷയാണ്. മേൽ വാർഡുകൾ കൂടി കോൺഗ്രസ്സ് തിരിച്ചു പിടിച്ചാൽ 8 വാർഡുകൾ കൂടി ചേർക്കുമ്പോൾ, ലീഗിന്റെ 15 + 8 = 23 സീറ്റുകളും നഗരസഭ ഓഫീസ് മുതൽ വടക്ക് കൈലാസ് തിയേറ്റർ വരെ കെഎസ്ടിപി റോഡിന് പടിഞ്ഞാറു ഭാഗവും, റെയിൽപ്പാളത്തിന് കിഴക്കുഭാഗവും,  ഉൾപ്പെടുന്ന വാർഡ് -14 കൂടി കോൺഗ്രസ്സ് പ്രതീക്ഷിക്കുന്നു.

നിലവിൽ സ്വതന്ത്രനായി വിജയിച്ച എച്ച്. റംഷീദ് പിന്നീട് നഗര ഭരണത്തിൽ യുഡിഎഫിനൊപ്പമാണ് അണിചേർന്നത്. വാർഡ് -14 കൂടി ഒപ്പം ചേർത്ത് 24 സീറ്റുകളുടെ ഭൂരിപക്ഷത്തിൽ നഗരഭരണം ഇടതുമുന്നണിയുടെ കൈകളിൽ നിന്ന് അടർത്തിയെടുക്കാമെന്നാണ് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ കമ്പ്യൂട്ടർ ഫീഡിംഗ് കണക്ക്.

നഗരസഭ തിരഞ്ഞെടുപ്പിന്റെ ചുക്കാൻ ഇത്തവണ മുൻസിപ്പൽ മുസ്ലീം ലീഗ് പ്രസിഡണ്ട് ഖാലിദ്  വക്കീലിനാണ്. മുൻസിപ്പൽ സിക്രട്ടറിയും, പ്രവാസിയുമായ  സി. കെ. റഹ്മത്തുള്ളയും, രാപ്പകൽ  ഒപ്പമുണ്ട്. തുടർച്ചയായി മൂന്നും നാലും തവണ നഗരസഭയിലെത്തിയ എം. പി. ജാഫർ, കെ. മുഹമ്മദ് കുഞ്ഞി എന്നിവർ നൂറുശതമാനം വിജയ സാധ്യതയുള്ള വാർഡുകൾ ഇല്ലാത്തതിനാൽ, ഇത്തവണ അങ്കത്തട്ടിൽ നിന്ന് മാറി നിൽക്കും.

പകരം ലീഗിന്റെ ഉറപ്പുള്ള സീറ്റുകളിലെല്ലാം വനിതകളായിരിക്കും ഇത്തവണ കളത്തിലിറങ്ങുക. 24 വാർഡുകളുടെ വിജയ പ്രതീക്ഷയിൽ യുഡിഎഫ് ഇത്തവണ അടങ്ങാത്ത പ്രതീക്ഷ വെച്ചു പുലർത്തുമ്പോൾ, തീരദേശത്തുള്ള ലീഗിന്റെ പ്രസ്റ്റീജ് വർഡുകളിൽ പോയ 5 വർഷത്തെ ഇടതുഭരണത്തിൽ സിപിഎമ്മിന് ലഭിച്ച കീർത്തി എന്ന വി. വി. രമേശന്റെ തുഫാൽ റോക്കറ്റ് ഉപയോഗിച്ച്  കടന്നു കയറി ബോംബ് വർഷിക്കാനാണ് ഇടതുമുന്നണിയുടെ നീക്കം. ഇത്തവണ ആദ്യമായി ഇടതുമുന്നണിയിലെ ഘടക കക്ഷിയെന്ന ചങ്കുറപ്പിൽ ഐഎൻഎൽ സിപിഎമ്മിന്റെ തുഫാൽ വിമാനത്തിന് പറക്കുന്നതിനിടയിൽ തന്നെ ഇന്ധനം നിറയ്ക്കാനും ഒരുങ്ങിയിട്ടുണ്ട്.

LatestDaily

Read Previous

മാസ്ക് ധരിക്കാനാവശ്യപ്പെട്ട എസ്ഐയുടെ കോളറിന് കുത്തിപ്പിടിച്ച യുവാവ് ജയിലിൽ

Read Next

ഖമറൂദ്ദീൻ നൽകിയ ഹർജി ഹൈക്കോടതിയിൽ, എംഎൽഏയെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്